'എന്റെ സഹോദരിയേക്കാള്‍ മികച്ച ജനപ്രതിനിധിയെ വയനാട്ടിലേക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല; പ്രിയങ്ക പാര്‍ലമെന്റിലെ വയനാടിന്റെ ശബ്ദമായി മാറുമെന്ന് ഉറപ്പുണ്ട്'; എക്‌സില്‍ കുറിപ്പ് പങ്കുവച്ച് രാഹുല്‍ ഗാന്ധി
പ്രിയങ്കാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ രാഹുലിന്റെ എക്സ് പോസ്റ്റ്
കോഴിക്കോട്: വയനാടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ സഹോദരിയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ വയനാട്ടിലേക്ക് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാഗാന്ധി വയനാട്ടില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് രാഹുലിന്റെ എക്സ് പോസ്റ്റ്.
വയനാട്ടുകാര്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. അവര്‍ക്ക് തന്റെ സഹോദരി പ്രിയങ്കയെക്കാള്‍ മികച്ചൊരു പ്രതിനിധിയെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. വയനാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക ശക്തയായി നിലകൊള്ളും. തന്റെ സഹോദരി പാര്‍ലമെന്റിലെ വയനാടിന്റെ ശബ്ദമായി മാറുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ ഭാഗമാവണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു. കന്നിയങ്കത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തും. രാഹുലും പ്രിയങ്കയുടെ കൂടെയുണ്ടാകുമെന്നാണ് അറിയുന്നത്. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും കല്‍പ്പറ്റയിലെത്തും.
പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ആവേശം രാജ്യ തലസ്ഥാനത്തുമെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടങ്ങളിലായി പ്രിയങ്കയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരും വയനാട്ടിലേക്ക് എത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. പ്രിയങ്കാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ രാഹുലിന്റെ എക്സ് പോസ്റ്റ്