കേന്ദ്രധനമന്ത്രിയെ കണ്ടപ്പോള്‍ ചോദിച്ച കണക്ക് നല്‍കാന്‍ സാധിച്ചില്ല; ലൈസണ്‍ ഓഫീസര്‍ ആണോ? കെ.വി തോമസിന്റെ നിയമനം പാഴ് ചെലവ്; വിമര്‍ശനം ഉന്നയിച്ച് എന്‍. കെ.പ്രേമചന്ദ്രന്‍
കെ.വി തോമസിന്റെ നിയമനം പാഴ് ചെലവ്; വിമര്‍ശനം ഉന്നയിച്ച് എന്‍. കെ.പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ നിയമനം പാഴ്‌ചെലവാണെന്ന് ആരോപണവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കെ വി തോമസിന്റെ നിയമനം സംസ്ഥാന സര്‍ക്കാരിന് ഗുണം ചെയ്യുന്നില്ലെന്നും പാഴ് ചിലവാണെന്നുമാണ് വിമര്‍ശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോള്‍ ചോദിച്ച കണക്ക് നല്‍കാന്‍ സാധിച്ചില്ല. കണക്ക് പോലും നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കെ വി തോമസ് എന്തിനാണ് ഡല്‍ഹിയില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നത്?. കെ വി തോമസ് ലൈസണ്‍ ഓഫീസര്‍ ആണോയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പരിഹസിച്ചു.
സത്യത്തില്‍ കേരളത്തിന് കെ വി തോമസിന്റെ നടപടി നാണക്കേടാണ്. കെ വി തോമസിന് വേണ്ടി ഒരു ആവശ്യമില്ലാത്ത തസ്തികയാണ് ഡല്‍ഹിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും, കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമാണ് തോമസിന്റെ നിയമനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കാര്യവും ഇല്ലാതെ ഒരു തസ്തിക നിര്‍മ്മിച്ചു. ഖജനാവില്‍ നിന്ന് പണം നശിപ്പിക്കുന്നു. ഇതുവരെ കെ വി തോമസ് കേരളത്തിലെ എംപിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്നതിലടക്കം ഉണ്ടാകുന്ന കാലതാമസം അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു.
കേന്ദ്ര ധനമന്ത്രിയുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ വയനാട് ദുരന്ത ധനസഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും കെ വി തോമസ് പറഞ്ഞിരുന്നു . 12ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തിന് അര്‍ഹതപ്പെട്ട ധനസഹായം കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കടമായി നല്‍കിയ 525 കോടി രൂപ മാര്‍ച്ച് 31ന് മുമ്പ് ചിലവഴിക്കണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ലെന്നും കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും കെ വി തോമസ് പറഞ്ഞിരുന്നു.
ആശാ വര്‍ക്കര്‍മാരുടെ കേന്ദ്ര ഓണറേറിയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ കണക്കുകളുടെ വിശദാംശങ്ങള്‍ കേന്ദ്രധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉടന്‍ കൈമാറും. വിഴിഞ്ഞം പദ്ധതിയ്ക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചര്‍ച്ച നടക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിന് അതിവേഗ റെയില്‍വേ സംവിധാനം നടപ്പിലാക്കുന്നതിന് ഇ ശ്രീധരന്‍ നല്‍കിയിട്ടുള്ള പ്രൊജക്ടുകള്‍ പരിശോധിച്ച് നടപടികളെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും കെ വി തോമസ് കേരളാ ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
29 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓണറേറിയവും ഇന്‍സന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാര്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര രംഗത്തേക്കിറങ്ങിയത്. ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസില്‍ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിക്കുന്നത്.
സാമ്പത്തിക ധൂര്‍ത്തെന്ന് വിമര്‍ശനം
പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.