വി.കെ. മിനിമോള്‍ കൊച്ചി മേയര്‍; 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റേത് ഉള്‍പ്പെടെ 48 വോട്ടുകള്‍; ഷാളണിയിച്ച് അഭിനന്ദിച്ച് ദീപ്തി മേരി വര്‍ഗീസ്; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; ഒറ്റപ്പാലത്ത് എതിരില്ലാതെ സിപിഎം ചെയര്‍പേഴ്‌സണ്‍

Update: 2025-12-26 06:26 GMT

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറായി യു.ഡി.എഫിന്റെ വി.കെ. മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റെ വോട്ട് ഉള്‍പ്പെടെ 48 വോട്ടുകളാണ് മിനിമോള്‍ക്ക് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രര്‍ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവര്‍ഷമാണ് മിനിമോള്‍ മേയറാവുക. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ഷൈനി മേയറാകും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥികളില്‍ തീരുമാനമെടുത്തത്.

ഡെപ്യൂട്ടി മേയര്‍പദവിയും രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാല്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയാണ് കോര്‍ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.

മറ്റിടങ്ങളില്‍ വോട്ടെടുപ്പ് തുടരുകയാണ്. മേയറെ തിരഞ്ഞെടുത്തതിനു ശേഷമാണ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടത്തുക. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടത്തും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ കണ്ണൂര്‍, തൃശൂര്‍ കൊച്ചി എന്നിവിടങ്ങളില്‍ മേയര്‍ സ്ഥാനം വനിതകള്‍ക്കാണ് സംവരണം ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം നിയുക്ത മേയര്‍ വി.വി. രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. കോര്‍പറേഷനിലേക്ക് എത്തിയ വി.വി. രാജേഷിനു പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് വിമതനായി പൗണ്ടുകടവില്‍ മത്സരിച്ചു വിജയിച്ച സ്വതന്ത്രന്‍ സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് സുധീഷ് കുമാര്‍ അറിയിച്ചു. മറ്റൊരു സ്വതന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പാലം നഗരസഭയില്‍ സിപിഎമ്മിലെ എം.കെ.ജയസുധ എതിരില്ലാതെ ചെയര്‍പഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. എസ് സി സംവരണ പദവിയിലേക്ക് മത്സരിക്കാന്‍ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാതിരുന്ന സാഹചര്യത്തില്‍, യുഡിഎഫ് നേതാവ് ജയസുധയെ പിന്തുണച്ചത് ശ്രദ്ധേയമായി.

സിപിഎം കൗണ്‍സിലര്‍ കെ.കെ.രാമകൃഷ്ണന്‍ നാമനിര്‍ദേശം ചെയ്ത ജയസുധയെ യുഡിഎഫ് നേതാവ് പി.എം.എ.ജലീല്‍ പിന്തുണച്ചു. ഇവിടെ ഉച്ച കഴിഞ്ഞാണ് ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ ഉപാധ്യക്ഷനുമായ കെ.രാജേഷാണ് വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി. 39 അംഗ കൗണ്‍സിലില്‍ സിപിഎമ്മിന് 19 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 12, യുഡിഎഫ് 7, യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Tags:    

Similar News