'വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം; പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്; നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്'; വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം

Update: 2025-07-20 10:22 GMT

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'കേരളത്തില്‍ നേരത്തെയും ഇത്തരത്തില്‍ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല, ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ലീഗില്‍ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ ഒരു നിമിഷം അവര്‍ ലീഗില്‍ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

''മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയില്‍ നിന്ന് സാമുദായ നേതാക്കള്‍ പിന്മാറണം. ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്''- ഇങ്ങനെയായിരുന്നു വി.ഡി സതീശന്റെ വാക്കുകള്‍.

Tags:    

Similar News