'പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു; പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം; കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട'; പാര്‍ട്ടി നടപടി നേരിട്ട പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്

പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്

Update: 2025-01-01 01:15 GMT

തിരുവനന്തപുരം: പാലക്കാട് സിപിഎമ്മില്‍ വിഭാഗീയത പുകയുന്നു എന്നു വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി കെ ശശി. ഫണ്ട് തട്ടിപ്പമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടി നേരിട്ട ശശി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായാണ് രംഗത്തുവന്നിരിക്കുന്നത്. പുതുവത്സര സന്ദേശത്തിലാണ വിമര്‍ശനം ഉന്നയിക്കുന്നത്.

ഫേസ്ബുക്കില്‍ പുതുവത്സരാശംസ നേര്‍ന്ന സന്ദേശത്തിലാണ് കടുത്ത വിമര്‍ശനം. പലര്‍ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പി കെ ശശി പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പായി പറുന്നു.

എല്ലാവര്‍ക്കും മോഹഭംഗത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പില്‍ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ4ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പി കെ ശശി തരംതാഴ്ത്തല്‍ നടപടി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.

നേരത്തെ പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പദവികളില്‍നിന്നു നീക്കിയിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എന്‍.മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്റ്.

അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പദവികളില്‍നിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി.

ശശിയെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി അതിന് തയ്യാറായിട്ടില്ല. വൈകാതെ അദ്ദേഹത്തെ നീക്കുമെന്നാണ ്‌സൂചനകള്‍. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢ നീക്കവും ശശിയുടെ പുറത്തേക്കുള്ള വഴി എളുപ്പത്തിലാക്കി.

ശശിയെ അടിമുടി നിസഹായനാക്കുക എന്നത് ലക്ഷ്യമിട്ടാണ് കെ.ടി.ഡി.സി ചെയര്‍മാന്‍പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയത്. അച്ചടക്ക നടപടിയെടുക്കുമ്പോള്‍ പാര്‍ട്ടി അനുവദിച്ച മുഴുവന്‍ പദവികളും ഒഴിയുന്നതാണ് മര്യാദയെന്നും സ്ഥാനത്ത് തുടര്‍ന്നാല്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി, ടൂറിസം മന്ത്രി എന്നിവരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന പി.കെ.ശശി കസേരയില്‍ തുടരേണ്ടതുണ്ടോ എന്നതില്‍ ഇവര്‍ തന്നെയാവും അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News