പരിപാടിക്ക് എത്തിയത് പതിവ് കളര്‍ ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ' എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; 'താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ്' എന്ന് ചോദ്യം; പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?

'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ'

Update: 2025-07-12 02:19 GMT

മണ്ണാര്‍ക്കാട്: പാലക്കാട് സിപിഎമ്മില്‍ ഒരുകാലത്ത് ശക്തനായ നേതാവായിരുന്നു പി കെ ശശി. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരും ഫണ്ട് തട്ടിപ്പു വിവാദങ്ങളുമെല്ലാം ആയതോടെ പി കെ ശശി പാര്‍ട്ടിയുടെ കണ്ണില്‍ കരടാണ് ഇപ്പോള്‍. പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടി യുഡിഎഫ് പക്ഷത്തേക്ക് പോകുമോ എ്ന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

യു ഡി എഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ. ശശി എത്തിയതോടയാണ് ഇത്തരം സംശയങ്ങല്‍ ശക്തമാകുന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി ശശിയെ ക്ഷണിച്ചതില്‍ ഒരു വിഭാഗം സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാല്‍ തന്നെ ആണെന്നും പറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശിയുടെ പ്രസംഗം.

പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായ ചടങ്ങിലേക്കാണ് ശശിയെ മുഖ്യാതിഥിയായി നഗരസഭ ഭരണ സമിതിക്ഷണിച്ചത്. സജീവ ചുമതലകളില്‍ ഉണ്ടായിരുന്നപ്പോള്‍ വിളിക്കാതിരുന്നവര്‍ പാര്‍ട്ടി നടപടിക്ക് പിന്നാലെ വിളിക്കുന്നതില്‍ ദുരുദ്ദേശം ഉണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ഒരു വിഭാഗത്തിന്റെ വാദം. ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വലിയ പ്രശ്നങ്ങളാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. പരിപാടിക്ക് എത്തിയ ശശിയെ ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നാലെ സിപിഎമ്മിന്റെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ശശി ഉന്നയിച്ചു.

കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് പി.കെ ശശി പറഞ്ഞു. അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല പക്ഷെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണെന്ന് പി കെ ശശി.

ഉദ്ഘാടനപരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം ബേജാറ്. എന്തിന് തന്നെ ഭയപ്പെടണം. താനൊരു ചെറിയ മനുഷ്യനാണ്. നല്ലത് ആരുചെയ്താലും അതിനെ പിന്തുണക്കാനുള്ള മനസുണ്ടാവണമെന്നും ശശി പറഞ്ഞു. മണ്ണാര്‍ക്കാടുമായുള്ള തന്റെ ബന്ധം അറുത്താലും മുറിച്ചാലും പോകില്ലെന്നും ശശി പറഞ്ഞു.

പരിപാടിയില്‍ പി.കെ. ശശിയെ യുഡിഎഫ് നേതാക്കളും പ്രശംസിച്ചു. വെള്ള വസ്ത്രം ധരിച്ച് പരിപാടിക്ക് എത്തിയ പി.കെ. ശശിയെ വി.കെ. ശ്രീകണ്ഠന്‍ എംപിയും എന്‍. ഷംസുദ്ദീന്‍ എംഎല്‍എയും അഭിനന്ദിച്ചു. ശശിക്ക് വെള്ള ഷര്‍ട്ട് നന്നായി ചേരുന്നുണ്ടെന്നായിരുന്നു വി.കെ. ശ്രീകണ്ഠന്റെ പ്രശംസ. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ശശി വെള്ള വസ്ത്രം ധരിച്ചതെന്നായിരുന്നു എന്‍. ഷംസുദ്ദീന്‍ പറഞ്ഞത്. വികസന വിഷയത്തില്‍ പി. കെ ശശിയുടെ പിന്തുണ ഉണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മണ്ണാര്‍ക്കാട് നഗരസഭയ്ക്കുകീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനചടങ്ങിന് വെള്ള വസ്ത്രം ധരിച്ച് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.കെ ശശി എത്തിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. നഗരസഭയുടെ പരിപാടിയില്‍ ശശി പങ്കെടുത്തതോടെ സിപിഎമ്മും ശശിയും തമ്മില്‍ കൂടുതല്‍ അകലുകയും യുഡിഎഫും ശശിയും അടുക്കുകയും ചെയ്തു.

Tags:    

Similar News