കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്; വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് ജലീല്‍ പറഞ്ഞത്; അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണുമെന്നും പി വി അന്‍വര്‍

കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്

Update: 2024-10-03 06:16 GMT

മലപ്പുറം: മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇടഞ്ഞ പി വി അന്‍വര്‍ എം എല്‍ എയെ ഇടതുസഹയാത്രികനായ കെ ടി ജലീലും കൈവിട്ടതിന് പിന്നാലെ പ്രതികരണവുമായി അന്‍വര്‍. ജലീല്‍ എം.എല്‍.എ. ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അന്‍വര്‍ പറഞ്ഞു.

'കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും.

എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാന്‍ പറ്റില്ലാല്ലോ'- അന്‍വര്‍ പറഞ്ഞു.

അന്‍വറിനെ സഹായിക്കുന്ന നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്നും, രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി. അന്‍വര്‍ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പോലീസ് സേനയില്‍ മൊത്തം പ്രശ്‌നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താന്‍ അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി.വി. അന്‍വര്‍ രൂപികരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീല്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ പറഞ്ഞു. ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാന്‍ ആണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീല്‍ പറഞ്ഞു.

എ.ഡി.ജി.പിയെ പൂര്‍ണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആര്‍.എസ്.എസ്. നേതാവിനെ കാണാന്‍ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടന്‍ നടപടി ഉണ്ടാവും. അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്നാണ് എന്റെ ബോധ്യം. ആ ബോധ്യം അന്‍വറിന് ഉണ്ടാവണമെന്നില്ലെന്നും ജലീല്‍ കൂട്ടിചേര്‍ത്തു.

തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാര്‍ട്ടിയില്‍ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീല്‍ വ്യക്തമാക്കി. മീസാന്‍ കല്ലില്‍ പേരെഴുതുംവരെ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കിടന്ന് മരിക്കണം, നിയമസഭയില്‍ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവര്‍ ഈ പാര്‍ട്ടിയില്‍ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയന്‍ ഒന്ന് ചത്ത് കിട്ടിയാല്‍ മതി എന്ന് കരുതുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ ഉണ്ടെന്ന് ജലീല്‍ പരിഹസിച്ചു.

Tags:    

Similar News