പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ മുന്നണി യോഗത്തില്‍ ധാരണ; നിരുപാധിക പിന്തുണയെന്ന് വി ഡി സതീശന്‍; ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി പി ജെ ജോസഫ്; നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാന്‍ നീക്കം
പി വി അന്‍വറും സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖറും യുഡിഎഫില്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി വിപുലീകരിക്കാന്‍ നീക്കവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി പി വി അന്‍വറും സി കെ ജാനുവും, വിഷ്ണുപുരം ചന്ദ്രശേഖറും യുഡിഎഫിലെത്തും. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കമരാജ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് അസോസിയേറ്റഡ് അംഗത്വം നല്‍കുക.
നിലവില്‍ മൂന്ന് പാര്‍ട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീട് ഘടകകക്ഷിയാക്കാനാണ് മുന്നണിയുടെ തീരുമാനം. യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, രാഷ്ട്രീയമായി അത് അന്‍വറിന് നേട്ടമായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം. ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പര്‍ഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചര്‍ച്ചചെയ്തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവര്‍ ആ അജണ്ടയെ തന്നെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
അതേസമയം, ബിജെപി ഭരണം ഇല്ലാതാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തെ യുഡിഎഫ് യോഗം പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നല്‍ നല്‍കുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.
ഫെബ്രുവരിയില്‍ യുഡിഎഫ് യാത്ര നടത്തും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെയുള്ള യാത്ര ഭരണവിരുദ്ധ വികാരം ഉയര്‍ത്തുന്നതാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിലെ പ്രതീക്ഷയില്‍ മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനാണ് യുഡിഎഫിന്റെ തീരുമാനം. എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ആവശ്യപ്പെടും.
ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ്കമ്മീഷന് നല്‍കും. ബിഹാറിന് സമാനമായ കാര്യങ്ങള്‍ നടന്നോയെന്ന് പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട് ഗൃഹ സന്ദര്‍ശനവും യുഡിഎഫ് നടത്തും. എല്ലാവര്‍ക്കും വോട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് സന്ദര്‍ശനം. പ്രധാന നേതാക്കള്‍ക്കാണ് ഗൃഹ സന്ദര്‍ശനത്തിന്റെ ചുമതല. വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തു പോയവരുടെ പട്ടിക പരിശോധിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
