'സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും'; യുഡിഎഫ് പ്രവേശനത്തിന് ലീഗ് മുന്‍കൈ എടുത്തതോടെ പി വി അന്‍വര്‍ വീണ്ടും കളത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനമാകും

സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്

Update: 2025-10-25 10:11 GMT

കണ്ണൂര്‍: പി വി അന്‍വര്‍ വീണ്ടും യുഡിഎഫ് പ്രവേശന സാധ്യത തേടി രംഗത്ത്. മുസ്ലീംലീഗ് നേതാക്കല്‍ തന്നെ മുന്നണി പ്രവേശനത്തില്‍ ഉറപ്പു നല്‍കി രംഗത്തുവന്നതോടെ അന്‍വര്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി. എന്തു ത്യാഗം സഹിച്ചും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പിവി അന്‍വര്‍ ഇന്ന് വ്യക്തമാക്കി. വി ഡി സതീശനെതിരെ ഉന്നയിച്ച പഴയ വിമര്‍ശനം മയപ്പെടുത്തി കൊണ്ടാണ് അന്‍വര്‍ രംഗത്തുവന്നത്.

'പിന്തുണയ്ക്കാന്‍ ഒരു കണ്ടീഷനും തൃണമൂല്‍ കോണ്‍ഗ്രസിനില്ല. പിണറായിസത്തെ തടയാന്‍ എന്തു ചെയ്യും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. പി.എം ശ്രീ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് പിണറായി വിജയന്‍ കുടുംബത്തെ കേസുകളില്‍ നിന്ന് രക്ഷിക്കാനെന്നും പി. വി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധത്തിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) എന്താണ് കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നത്. കുഴപ്പമുണ്ടെന്ന് പറഞ്ഞത് ഇവര്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. 'മുമ്പ് ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോള്‍ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിതെന്നും', പി വി അന്‍വര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി അദ്ദേഹത്തിന്റെ വസതിയില്‍ പോയതെന്നും അന്‍വര്‍ ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അന്‍വര്‍ പറഞ്ഞു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി എഫിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക. പിഎംശ്രീയില്‍ സിപിഐഎന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം27 ന് അറിയാം. അതിനു ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അന്‍വര്‍ പറഞ്ഞു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്ലായിടത്തും യു.ഡി.എഫായിതന്നെ മത്സരിക്കണമെന്നും മുന്നണിസംവിധാനത്തിന് പുറത്തുള്ള മത്സരം ഒരു കാരണവശാലും ഉണ്ടാവരുതെന്നും മുസ്‌ലിംലീഗ് മേഖല നേതൃയോഗങ്ങളില്‍ ധാരണായിരുന്നു. അന്‍വറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള നിലപാടിലാണ് ലീഗ്.

സീറ്റുവിഭജന ചര്‍ച്ചകളില്‍ തര്‍ക്കം ഉയര്‍ന്നുവന്നാല്‍ വിട്ടുവീഴ്ച ചെയ്തും കോണ്‍ഗ്രസുമായുള്ള ബന്ധം നിലനിര്‍ത്തണം. ആവശ്യമെങ്കില്‍ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകള്‍ക്ക് തടസ്സമില്ല. ഒരു വാര്‍ഡില്‍ പി.വി. അന്‍വറിന്റെ വോട്ട് നിര്‍ണായകമാണെങ്കില്‍ അവരുമായി നീക്കുപോക്ക് നടത്താം. നിലമ്പൂര്‍ നഗരസഭയില്‍ അന്‍വറിനെ നിര്‍ബന്ധമായും സഹകരിപ്പിക്കണം. സി.പി.എമ്മുമായി സി.പി.ഐ ഇടഞ്ഞുനില്‍ക്കുന്ന പഞ്ചായത്തുകളില്‍ അവരുമായി സീറ്റുധാരണക്ക് ശ്രമിക്കണമെന്നും നേതൃയോഗം തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കിയിരുന്നു. നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതില്‍ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം പറഞ്ഞിരിക്കുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. പ്രാദേശികമായി യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്ക്‌പോക്ക് നടത്തുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പി വി അന്‍വറുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണിയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ ്അന്‍വര്‍. ലീഗ് നേതാക്കള്‍ക്ക് പുറമേ കോണ്‍ഗ്രസിലെ നേതൃതലത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുന്നതോടെ അന്‍വറെയും ചേര്‍ത്തു നിര്‍ത്താനാണ് സാധ്യത കൂടുതല്‍.

Tags:    

Similar News