മുഖ്യമന്ത്രി തന്നെ വഞ്ചിച്ചത് എന്തിന്? പ്രത്യാഘാതം ഭയക്കുന്നില്ല; തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്; പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല; ഇനി നിയമ പോരാട്ടത്തിന്റെ വഴിയെന്ന് പി വി അന്‍വര്‍

മുഖ്യമന്ത്രി തന്നെ വഞ്ചിച്ചത് എന്തിന്? പ്രത്യാഘാതം ഭയക്കുന്നില്ല

Update: 2024-09-27 06:29 GMT

മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച മുന്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടാണ് അന്‍വര്‍ വീണ്ടും രംഗത്തുവന്നത്. തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്. തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

'മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല. എല്‍ഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും, മാറിനില്‍ക്ക് എന്ന് പറയുന്നത് വരെ ഇവിടെ നില്‍ക്കും. ഇങ്ങനെ പോയാല്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടാത്ത സ്ഥാനാര്‍ത്ഥികളുണ്ടാകും. മാദ്ധ്യമപ്രവര്‍ത്തകരോട് മാത്രമല്ല, എനിക്ക് ജനങ്ങളോടടക്കം കാര്യങ്ങള്‍ പറയാനുണ്ട്. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തട്ടേ'- അന്‍വര്‍ പറഞ്ഞു. തനിക്ക് ഇനി പ്രതീക്ഷ കോടതി മാത്രമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ ആരോപണങ്ങളില്‍ കോടതിയെ സമീപിക്കുെന്നും അന്‍വര്‍ പറഞ്ഞു. ഇനി ജുഡീഷ്യറിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചാണ് അന്‍വറിന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം. തന്നെ കൊള്ളക്കാരനാക്കി ചിത്രീകരിച്ചെന്നും എന്തിനാണ് വഞ്ചിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന ബാലന്റെ ആരോപണത്തിനും അന്‍വര്‍ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

നേരത്തെ, പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. എംഎല്‍എ എന്ന നിലയ്ക്ക് പരാതികള്‍ പറഞ്ഞതില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തനല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും എന്നാല്‍ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു.

എല്‍ഡിഎഫില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എല്‍ഡിഎഫിനെയും, സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ഇനിയും കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാല്‍ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News