യുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയും ഇല്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി ആയതോടെ അന്‍വര്‍ വമ്പന്‍ തോല്‍വി; യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത്; ആര്യാടന് പിന്തുണയില്ല, പ്രചരണത്തിന് ഇപ്പോള്‍ പോകുന്നില്ല, രണ്ട് ദിവസം കാത്തിരിക്കൂവെന്ന് അന്‍വര്‍

യുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയും ഇല്ല

Update: 2025-05-26 13:54 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതോടെ അന്‍വര്‍ വീണ്ടും ഉടക്കുമായി രംഗത്ത്. ഇപ്പോള്‍ താന്‍ പ്രചരണത്തിന് പോകുന്നില്ലെന്നാണ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ദിവസം കാത്തിരിക്കൂവെന്നാണ് അന്‍വര്‍ വ്യക്തമാക്കിയത്. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. വി എസ് ജോയിക്ക് ഗോഡ്ഫാദര്‍ ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ മലയോര ജനത തഴയപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞു.

പരമാവധി വോട്ട് പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. ആലോചിക്കേണ്ട വളരെ ഗൗരവമുള്ള കാര്യമാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചത് കുട്ടിക്കളിയല്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. വി എസ് ജോയ്യെ പരിഗണിക്കാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. വി എസ് ജോയ് തന്റെ പെങ്ങളുടെ മകനൊന്നുമല്ല. അദ്ദേഹം കുടിയേറ്റ കര്‍ഷകനാണ്. മലയോര മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തിന് അറിയാം. അത് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു.

തങ്ങള്‍ ഉയര്‍ത്തിയ വിഷയം ആന്റി പിണറായി സമായിരുന്നു. അത് പറഞ്ഞാണ് താന്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. ആര്യാടന്‍ ഷൗക്കത്ത് പിണറായി വിജയനെതിരെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫേസ്ബുക്ക് പോസ്റ്റു പോലും ഇട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ താത്പര്യത്തെ മറികടന്നാണ് കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഇതോടെ അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, രണ്ട് ദിവസം കാത്തിരിക്കാനാണ് അന്‍വര്‍ പറയുന്നത്.

മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും ഡിസിസി അധ്യക്ഷാന്‍ വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നുമായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ഈ അഭിപ്രായം മറികടന്ന് കോണ്‍ഗ്രസ് ചര്‍ച്ചയിലൂടെ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേക്ക് എത്തിയത്. അതേസമയം, അന്‍വറിന്റെ ആത്യന്തികമായ ലക്ഷ്യം യുഡിഎഫ് പ്രവേശനമാണെന്നിരിക്കേ, അന്‍വറിന്റെ ഹിതത്തിനനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സംഭവിക്കാത്ത സാഹചര്യത്തില്‍ ഇതൊരു സമ്മര്‍ദതന്ത്രമായി ഉപയോഗപ്പെടുത്തി, യുഡിഎഫ് പ്രവേശനം നേടാന്‍ അന്‍വര്‍ ശ്രമിച്ചു. ഈ നീക്കം പാളുകയാണ് ഉണ്ടായത്.

വി.എസ്. ജോയിക്കായി ചരടുവലികള്‍ നടത്തുന്നതിനോടൊപ്പം നിലമ്പൂരില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും അന്‍വര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ അന്‍വര്‍ പരസ്യമായി എതിര്‍പ്പറിയിച്ചു. ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്ന് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്‍വറിന്റെ ഈ പ്രതികരണത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കളമശ്ശേരിയിലെ ഹോട്ടലില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ചര്‍ച്ചയില്‍ അന്‍വറിന് വഴങ്ങേണ്ടതില്ലെന്നും ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറാമെന്നും പാര്‍ട്ടി നിലപാടെടുത്തു. തുടര്‍ന്ന് ഹൈക്കമാവ്ഡഡ് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

Tags:    

Similar News