നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത്; ആ രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയണം; വിമര്‍ശനം തുടര്‍ന്ന് പിണറായി വിജയന്‍

നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത്

Update: 2025-01-10 12:53 GMT

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിയെ ബന്ധത്തില്‍ യുഡിഎഫിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ഇനിയും അതേ നിലപാട് തന്നെയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ സംഘ പരിവാറിനെ കൂടെക്കൂട്ടുമ്പോഴൊക്കെ കോണ്‍ഗ്രസിനോടൊപ്പം ലീഗുമുണ്ട്. ഇപ്പോള്‍ ലീഗ് ആരെയും കൂടെക്കൂട്ടുന്ന അവസ്ഥയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുസ്ലീം ബഹുജനങ്ങളുടെ ഇടയില്‍ മഹാഭൂരിപക്ഷം മുസ്ലീംങ്ങളും തള്ളിക്കളഞ്ഞിട്ടുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും കൂടെ കൂട്ടാനുള്ള നീക്കം. മുസ്ലീം ബഹുജനങ്ങളിലെ സുന്നി വിഭാഗം ഒരു കാലത്തും അംഗീകരിക്കാതിരുന്ന തികഞ്ഞ മതനിരപേക്ഷ ചിന്താഗതിക്കാരാണ് അവര്‍. ഈ വിഭാഗത്തെയാണ് ഇപ്പോള്‍ കൂടെക്കൂട്ടാന്‍ തയ്യാറായിട്ടുള്ളത്.

നല്ല സഖ്യം തുറന്നുവരുമെന്നാണ്. എവിടെയെത്തും, അത് കോണ്‍ഗ്രസിന്റെ അനുഭവം ആലോചിച്ചാല്‍ മതി. ബിജെപി ശക്തിപ്പെട്ടു വന്ന കേരളത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള കേന്ദ്രങ്ങളാണല്ലോ. എന്തുകൊണ്ടാണത്, വര്‍ഗീയതയ്ക്കെതിരെ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കാത്തതുകൊണ്ട്. ലീഗിന്റെ നിലപാട് എത്രത്തോളം പുറകോട്ടു പോകുന്നുവെന്നാണ് കാണിക്കുന്നത്.

നാല് സീറ്റ് കിട്ടുന്നതിനായി എന്തും ചെയ്യുകയാണ്. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയാന്‍ കഴിയണം. പാലക്കാട് ജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. എസ്ഡിപിഐയുടെ വിജയമായിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം അവരാഘോഷിച്ചത്. എങ്ങനെ സംഭവിക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം മുസ്ലിംലീഗിനെ തകര്‍ക്കാന്‍ സമസ്തയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായായാണ് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നത്. സിപി എമ്മിനുവേണ്ടി ചിലര്‍ നടത്തുന്ന ശിഥിലീകരണ അജന്‍ഡക്ക് സമസ്തയിലെ ചിലര്‍ കൂട്ടുപിടിക്കുന്നത് ന്യായീകരിക്കാനാവില്ല. സമുദായത്തിന്റെ രാഷ്ട്രീയ സംഘടിത ശക്തിയെ തകര്‍ക്കുന്നതാണീ നീക്കമെന്നും ജമാഅത്തെ ഇസ്ലാമി പറയുന്നു. മുഖവാരിക 'പ്രബോധന'ത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ ഒരു വിഭാഗത്തെപ്പറ്റി സിപിഎം ഫ്രാക്ഷനെന്ന ഗുരുതര ആരോപണം ഉയര്‍ത്തിയത്.

മുസ്ലിംലീഗ് സമസ്തക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ പൂര്‍ണമായി പിന്തുണച്ചുള്ള മതരാഷ്ട്ര വാദികളായ ജമാഅത്തെയുടെ രംഗപ്രവേശം ആശങ്കയുണര്‍ത്തുന്നു. ലീഗ് ജമാഅത്തെയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനെയും മതരാഷ്ട്ര -തീവ്രവാദ ആശയങ്ങളെയും ശക്തമായി സമസ്ത എതിര്‍ക്കാറുണ്ട്. അതിനാല്‍ സമസ്തയിലെ ഭിന്നിപ്പ് ജമാഅത്തെ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. ലീഗും സമസ്തയും തര്‍ക്കമുണ്ടായ ഉടന്‍ ജമാഅത്തെ കക്ഷി ചേര്‍ന്നതും ഈ താല്‍പ്പര്യത്തിലാണ്.

ഭിന്നത മറന്ന് മുസ്ലിം സംഘബോധം ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ സമുദായത്തിലെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അജന്‍ഡക്ക് സമസ്തയിലെ ഒരു വിഭാഗം ബോധപൂര്‍വം തലവച്ചുകൊടുക്കുന്നതായാണ് പ്രബോധനത്തിലൂടെ ജമാഅത്തെ കുറ്റപ്പെടുത്തുന്നത്.

Tags:    

Similar News