പിറകില്‍ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വി.എസിന്റെ വിലാപയാത്രയില്‍ നെഞ്ചുവിരിച്ചു നിന്നു; പാര്‍ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങള്‍ തുറപ്പിച്ചു; എം.വി ഗോവിന്ദന് നാലാംകിട സൈബര്‍ പോരാളിയുടെ ഭാഷ; സിപിഎം നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി പിരപ്പന്‍കോട് മുരളി വീണ്ടും

പിറകില്‍ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വി.എസിന്റെ വിലാപയാത്രയില്‍ നെഞ്ചുവിരിച്ചു നിന്നു

Update: 2025-09-02 05:01 GMT

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ പിരപ്പന്‍കോട് മുരളി. നേതാക്കള്‍ വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത്ചാടിക്കാന്‍ നോക്കിയെന്ന് 'വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം 'എന്ന പുസ്തകത്തില്‍ പിരപ്പന്‍കോട് മുരളി പറയുന്നു.

വിഎസ് ആരെന്ന് തിരിച്ചറിഞ്ഞത് മരണ ശേഷമാണ്. പുറകില്‍ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയില്‍ നെഞ്ചുവിരിച്ച് നിന്നു. പാര്‍ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങള്‍ തുറപ്പിച്ചു. സന്ദര്‍ഭത്തിനൊത്ത് സിപിഎം നേതാക്കള്‍ ഉയര്‍ന്നത് നന്നായെന്നും പിരപ്പിന്‍കോട് മുരളിയുടെ പുസ്തകത്തില്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. ഗോവിന്ദന് നാലാംകിട സൈബര്‍ പോരാളിയുടെ ഭാഷയാണെന്നും കുറ്റപ്പെടുത്തുന്നു.

2018 ലെ തൃശൂര്‍ സംസ്ഥാന സമ്മേളനംവരെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എന്നെ 80വയസുകാരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴുവാക്കുന്നു എന്ന ന്യായം പറഞ്ഞ് കേവലം 74 വയസുള്ള മാത്രമുണ്ടായിരുന്ന എന്നെ ഒഴിവാക്കുകയായിരുന്നു. വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്ന് 'പാര്‍ട്ടി കര്‍ദ്ദിനാള്‍മാര്‍' കല്‍പ്പിക്കുന്നുണ്ടെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്.

വി.എസ്.അച്യുതാനന്ദനു നേര്‍ക്കുണ്ടായ 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' പ്രയോഗം അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥത്തില്‍ സ്ഥിരീകരിച്ചിച്ചുണ്ട് പിരപ്പന്‍കോട് മുരളി. 2005 ല്‍ നടന്ന മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ തോല്‍പിക്കാന്‍ ശ്രമം നടന്നതടക്കം പാര്‍ട്ടിക്കകത്ത് പിണറായി പക്ഷം വിഎസിനെതിരെ നടത്തിയ നീക്കങ്ങള്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായ പിരപ്പന്‍കോട് പുസ്തകത്തില്‍ വെളിപ്പെടുത്തി.

അന്നു നടന്നത് പിരപ്പന്‍കോട് ഇങ്ങനെ വിവരിച്ചു: 'വിഎസിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനായി മുന്‍കൂട്ടി ശിക്ഷണം കൊടുത്ത് ഒരു കൂട്ടം പ്രതിനിധികളെ തയാറാക്കി നിര്‍ത്തിയിരുന്നു. അക്കൂട്ടത്തില്‍ നാടും നാടിന്റെ ചരിത്രവും അറിയാത്ത ഒരു യുവവായാടിയായ പ്രതിനിധിയെക്കൊണ്ട് വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നു വരെ പറയിപ്പിച്ചു. ഇതു പറയുമ്പോള്‍ അധ്യക്ഷവേദിയിലും പ്രസീഡിയത്തിലും ഉണ്ടായിരുന്ന ഉത്തരവാദപ്പെട്ട നേതാക്കള്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു'.

മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ നടന്നത് കള്ളച്ചൂതാണെന്ന് പിരപ്പന്‍കോട് പറഞ്ഞു. 'ഞെട്ടിക്കുന്ന സത്യം കൂടി പുറത്തു വന്നു. സമ്മേളനത്തില്‍ വിഎസിനെ തോല്‍പിക്കാനായിരുന്നു പരിപാടി. എന്നിട്ടും 342 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു. പാനലില്‍ കടന്നുകൂടി'. 14 ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളെ വാഗ്ദാനങ്ങള്‍ നല്‍കി പിണറായി പക്ഷം കാലുമാറ്റിച്ചാണ് വിഎസ് പക്ഷത്തെ തോല്‍പിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു. കോഴിക്കോട്ട് 2012 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് വിഎസിനെ ഒഴിവാക്കാനായി ഭരണഘടനാ ഭേദഗതിക്കു വരെ കേരള ഘടകം ശ്രമിച്ചെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.

'പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏറ്റവും വിശ്വസ്തനായ ഒരു പ്രതിനിധിയെക്കൊണ്ട് ഭരണഘടനയ്ക്കു ഭേദഗതി അവതരിപ്പിച്ചു. 80 കഴിഞ്ഞവര്‍ പാര്‍ട്ടിയിലോ 75 വയസ്സ് കഴിഞ്ഞവര്‍ പാര്‍ലമെന്ററി രംഗത്തോ പദവികള്‍ വഹിക്കരുത്' എന്നായിരുന്നു പ്രമേയം. പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവാക്കി കേന്ദ്രകമ്മിറ്റിയില്‍ മാത്രമുള്ള വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍നിന്നു കൂടി ഒഴിവാക്കി പാര്‍ട്ടിക്ക് ആരുമല്ലാത്ത ഒരാളായി പുറത്താക്കാനുള്ള ഗൂഢനീക്കമായിരുന്നു അത്. സംഗതികളുടെ യഥാര്‍ഥ ലക്ഷ്യം മനസ്സിലാക്കിയ വിഎസ് കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിയാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു'.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നടന്നത് 'വിഎസിനെ പാര്‍ട്ടി വിരുദ്ധനാക്കി പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ചിത്രീകരിക്കാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നാടകമായിരുന്നു' എന്ന് പിരപ്പന്‍കോട് പറയുന്നു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തിനൊടുവില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് വിഎസിനെ നീക്കിയതിനെക്കുറിച്ചുള്ള ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണം ഇങ്ങനെയാണ്: 'ഇത്രയേറെ സങ്കീര്‍ണമായ വിഷയത്തില്‍ സാവകാശമെടുത്തു വേണ്ടത്ര പരിശോധന നടത്താതെയാണ് ആരോപണ വിധേയനായ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയില്‍ നിലനിര്‍ത്തുകയും ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വിഎസിനെ പിബിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തത്'.

Tags:    

Similar News