'ഷാഫി പറമ്പില്‍ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നു'; ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎം; കളക്ടര്‍ക്ക് പരാതി നല്‍കിയെന്നും സുരേഷ് ബാബു; ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎം

Update: 2024-11-12 11:16 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ട് ചേര്‍ത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. 177-ാം ബൂത്തിലെ 37 വോട്ടര്‍മാര്‍ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ഇവിടെ ചേര്‍ത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പാര്‍ട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ ബൂത്തുകളില്‍ ഇത്തരത്തില്‍ വ്യാജവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ബൂത്ത് 177ല്‍ തിരിച്ചറിയാന്‍ പറ്റാത്ത 37 വോട്ടര്‍മാരുണ്ട്. ഇവര്‍ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളയാള്‍ക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥി ആയതിനാല്‍ ഇതില്‍ പുതുമയില്ലെന്നും മരിച്ചു പോയവര്‍ പോലും ഇത്തവണ വോട്ട് ചെയ്താല്‍ അത്ഭുതപ്പെടേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചു.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. മരിച്ചവരുടെ പേരില്‍ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി - കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.

സി കൃഷ്ണകുമാറിനെ മലമ്പുഴയില്‍ ജയിപ്പിക്കാന്‍ ഷാഫി പറമ്പില്‍ ഇടപെട്ടിരുന്നു. പാലക്കാട് ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ സി കൃഷ്ണകുമാര്‍ മത്സരിക്കാത്തത് എന്തുകൊണ്ടാണ്? ഇത്തവണയും ഷാഫി പറമ്പില്‍ പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ജയിക്കാതിരിക്കാന്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന പ്രചാരണമാണ് നടക്കുന്നത്. വി ഡി സതീശനും ഷാഫിയും ഇക്കാര്യം തന്നെ പറയുന്നു. ഇങ്ങനെ പേടി ഉണ്ടായിരുന്നെങ്കില്‍ ഷാഫി എന്തിന് രാജിവച്ച് പോയി എന്നും സുരേഷ് ബാബു ചോദിച്ചു. ബിജെപി - കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത സുരേഷ് ബാബു, 2021ല്‍ മലമ്പുഴയില്‍ 20,000 വോട്ടുകള്‍ എന്‍ഡിഎയ്ക്ക് വേണ്ടി കോണ്‍ഗ്രസ് അട്ടിമറിച്ചെന്നും ഷാഫിയാണ് വോട്ട് മറിച്ചതെന്നും ആരോപിച്ചു.

അതേ സമയം വ്യാജ വോട്ടുകള്‍ ചേര്‍ത്തുവെന്ന സിപിഎം ആരോപണത്തില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഇ എന്‍ സുരേഷ് ബാബു ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണമെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നാണമില്ലേ എന്നുമായിരുന്നു രാഹുലിന്റെ മറുപടി.

സുരേഷ് ബാബു രാവിലെ ഒരു ആരോപണം ഉന്നയിക്കുമെന്നും വൈകുന്നേരം മറ്റു നേതാക്കള്‍ അത് തിരുത്തുമെന്നും രാഹുല്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ കൈയിലല്ല, വോട്ടര്‍ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കീഴിലാണ്. സര്‍ക്കാര്‍ ആരുടേതെന്ന് ജില്ലാ സെക്രട്ടറി പരിശോധിക്കണമെന്നും ആരോപണം ഉന്നയിക്കുന്നതിന് പകരം ഇടപെടാന്‍ ജില്ലാ സെക്രട്ടറിക്ക് സാധിക്കില്ലേയെന്നും രാഹുല്‍ ചോദിച്ചു.

Tags:    

Similar News