വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച; മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന്‍ മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്‍ട്ടി
വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. മണ്ഡലത്തില്‍ ഗുരുതര വോട്ടുചോര്‍ച്ച ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ബൂത്തുതലത്തില്‍ നിന്നും പുറത്തുവന്ന കണക്കുകളും. മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയില്‍ പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുന്നു.
വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകളില്‍ വ്യക്തമാണ്. ബത്തേരിയിലെ 97 ബൂത്തുകളില്‍ ബിജെപിക്ക് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി. മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പറ്റയില്‍ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്.
അതേസമയം വയനാട് ലോക്‌സഭ മണ്ഡല രൂപവത്കരണശേഷം ഏറ്റവും കുറഞ്ഞ വോട്ട് ലഭ്യതയോടെ ദയനീയ പരാജയം നേരിടേണ്ടിവന്ന സി.പി.ഐയുടെയും സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെയും അമര്‍ഷം സി.പി.എമ്മിനുനേരെയാണ്. 2014ല്‍ 3,56,165 വോട്ട് നേടിയ സത്യന്‍ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവ്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോള്‍ 283,023 വോട്ടും 2019ല്‍ പി.പി. സുനീര്‍ മത്സരിച്ചപ്പോള്‍ 2,74,597 വോട്ടും നേടിയിരുന്നു.
മണ്ഡല ചരിത്രത്തില്‍ എല്‍.ഡി.എഫിനുവേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ച ആളും ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാര്‍ഥിയും സത്യന്‍ മൊകേരിയായി. മണ്ഡലം രൂപവത്കരിച്ചശേഷം ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. മണ്ഡലത്തില്‍ താരതമ്യേന തങ്ങളേക്കാള്‍ ശക്തരായ സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാത്തതാണ് പോളിങ്ങും വോട്ട് ലഭ്യതയും കുറയാനിടയാക്കിയതെന്ന ആക്ഷേപവും സി.പി.ഐക്കുണ്ട്.
അതേസമയം, ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുത്തെന്ന് ടി.പി. രാമകൃഷ്ണന്‍ പറയുമ്പോഴും സി.പി.ഐ തൃപ്തരല്ല. സി.പി.എമ്മിന്റെ വോട്ടും പ്രവര്‍ത്തനവും കൊണ്ട് വയനാട്ടില്‍ പിടിച്ചുനിന്നിരുന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും വിട്ടുനിന്നു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുമ്പോള്‍ സി.പി.എം കൊടികാണാന്‍ പോലുമുണ്ടായിരുന്നില്ല.
പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാര്‍ഥിയെ നിര്‍ത്തി അനായാസജയം അനുവദിക്കേണ്ടെന്ന തീരുമാനത്തിനൊടുവിലാണ് പാര്‍ട്ടി നിര്‍ബന്ധപ്രകാരം സത്യന്‍ മൊകേരി സ്ഥാനാര്‍ഥിയാകുന്നത്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് ഭക്ഷണശാല വിവാദത്തില്‍ എ.ഡി.ജി.പി അജിത്കുമാറിനെതിരെ പ്രതികരിച്ചതും തൃശ്ശൂര്‍ പൂരം വിഷത്തില്‍ അക്കം സിപിഐ, സിപിഎമ്മുമായി ഏറ്റുമുട്ടിയിരുന്നു. ഇതും സി.പി.ഐ-സി.പി.എം വിള്ളലിനിടയാക്കി.
പതിനായിരത്തില്‍ താഴെ മാത്രം അംഗങ്ങളുള്ള സി.പി.ഐക്ക് വയനാട് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെന്നകാര്യം വ്യക്തമായിട്ടും ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണ് സി.പി.എം മുന്‍ഗണന നല്‍കിയതെന്നും സി.പി.ഐ ആരോപിക്കുന്നു.