'എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ; എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും'; നിയമസഭയില്‍ കൈതരിച്ചു പ്രതിപക്ഷത്തിന് നേരെ നീങ്ങിയതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി

'എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ;

Update: 2024-10-08 06:26 GMT

തിരുവനന്തപുരം: രാഷ്ട്രീയമായി സിപിഎമ്മിനെ ചെറിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയാല്‍ അല്‍പ്പം പോരാട്ടവീര്യം കൂടുതലാണ് മന്ത്രി ശിവന്‍കുട്ടിക്ക്. ഈ കാഴ്ച്ചയണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ കണ്ടതും. ഇന്നലെ സഭാവേദി പ്രക്ഷുബ്ധമായ വേളയില്‍ കൈതരിച്ചു മുന്നോട്ടു നീങ്ങിയ ശിവകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് തടഞ്ഞു നിര്‍ത്തിയത്. ഇതിന്റെ വീഡോയോയും ചിത്രങ്ങളും സൈബറിടത്തില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ കൈതരിപ്പിനെ കുറിച്ചു പറയുകയാണ് ശിവന്‍കുട്ടി.

പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോള്‍ എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യം മരിക്കുന്നത് വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് ശിവന്‍കുട്ടി പറയുന്നത് ഇങ്ങനെ:

'പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ ബഹളമൊക്കെ നിയമസഭയില്‍ ഉണ്ടാകാറുണ്ട്. അതെല്ലാം ഓരോ സാഹചര്യങ്ങള്‍ നോക്കിയാണ്. പക്ഷേ, ജനാധിപത്യ വിരുദ്ധമായ വാക്കുകള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചീത്ത പറയുകയും മുഖ്യമന്ത്രിക്ക് നേരെ വിരല്‍ചൂണ്ടുകയും പ്രായത്തെ പോലും ബഹുമാനിക്കാത്ത നിലയിലുള്ള വളരെ തരംതാണ നിലയിലുള്ള കാര്യങ്ങള്‍ ചെയ്തപ്പോള്‍ എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ. എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ പോകുകയായിരുന്നു. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യവും ഊര്‍ജവും ആത്മവിശ്വാസവും അത് മരിക്കുന്നത് വരെ ഉണ്ടാകുമല്ലോ...'

ഇന്നലെ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയില്‍ സഭയില്‍ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവല്‍ എന്നോണം ശിവന്‍കുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിച്ചു. പെട്ടെന്ന് പ്രതിപക്ഷ എം.എല്‍.എമാരുടെ നേര്‍ക്ക് നടന്നടുക്കാന്‍ ശ്രമിച്ച ശിവന്‍കുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയില്‍തന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടയുകയായിരുന്നു. മുഖ്യമന്ത്രി കൈയില്‍പിടിച്ച് അരുതെന്ന് സൂചന നല്‍കിയതോടെ ഒന്നും മിണ്ടാതെ ശിവന്‍കുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസില്‍ പ്രതിയാണ് ശിവന്‍കുട്ടി. 2015 മാര്‍ച്ച് 13നാണ് കൈയാങ്കളിയുണ്ടായത്. ബാര്‍ കോഴയിലെ പ്രതിപക്ഷ പ്രതിഷേധം അന്ന് അതിരുവിട്ടു. സ്പീക്കര്‍ ഡയസിലെ കസേര അടക്കം വലിച്ചെറിഞ്ഞു. ഡയസില്‍ മുണ്ടു മടക്കി കുത്തി ശിവന്‍കുട്ടിയുടെ നടത്തം ഇന്നും പ്രസക്തം. സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികള്‍ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്. മന്ത്രി ശിവന്‍കുട്ടിയും വിചാരണ നേരിടണം. ഇത് മനസ്സില്‍ വച്ചാകണം ഇന്ന് ശിവന്‍കുട്ടിയെ പിണറായി തടഞ്ഞത്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിനം സംഘര്‍ഷത്തിന്റേതായിരുന്നു. വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ സഭയില്‍ ഉണ്ടായത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മുന്നില്‍ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അദ്ദേഹത്തെ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് തടയുന്ന സ്ഥിതിയുണ്ടായി.

ഇതിനിടെ സ്പീക്കര്‍ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പിന്നോട്ടു വലിച്ചു. മുഖ്യമന്ത്രി നല്‍കിയ സൂചന മനസിലാക്കിയ ശിവന്‍കുട്ടി തിരികെ സീറ്റിലേക്കു മടങ്ങി. ഇനിയൊരു പ്രശ്നം ശിവന്‍കുട്ടി ഉണ്ടാകരുതെന്ന ചിന്തയില്‍ തന്നെയായിരുന്നു ഇടപെടല്‍.

Tags:    

Similar News