അനിശ്ചിതത്വം നീങ്ങി; സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍; നറുക്കുവീണത് കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായെന്ന് സൂചന; സുധാകരന്‍ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍; പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും ഷാഫി പറമ്പിലും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍

Update: 2025-05-08 12:48 GMT

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ കെപിസിസി അദ്ധ്യക്ഷനെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചു. സണ്ണി ജോസഫ് എംഎല്‍എയാണ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്.

കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. എം എം ഹസന് പകരം അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു.

പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. അദ്ധ്യക്ഷ പദവിയില്‍ നിന്ന് മാറാന്‍ വിമുഖത പ്രകടിപ്പിച്ച കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കണ്ണൂരില്‍ നിന്നുള്ള സണ്ണി ജോസഫിന്റെ നിയമനം. നേരത്തെ ആന്റോ ആന്റണിയുടെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അധികം ഉയര്‍ന്നുകേട്ടത്.


മൂന്ന് തവണയായി പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി തുടങ്ങി ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തി. 2001ല്‍ കെ സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും പിന്‍ഗാമിയായി എത്തിയത് സണ്ണി ജോസഫ് ആയിരുന്നു. സമാനമായ രീതിയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കെപിസിസിയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ്.

2011ല്‍ കന്നിയങ്കത്തില്‍ സിപിഎമ്മിന്റെ കെകെ ശൈലജയെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുത്തിയാണ് സണ്ണി ജോസഫ് നിയമസഭയിലേക്ക് എത്തിയത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ശക്തമായ മത്സരത്തെ അതീജീവിച്ച് ഹാട്രിക് വിജയം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.


വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി. പുതിയ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍നിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.





അതേസമയം അധ്യക്ഷനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് സണ്ണി ജോസഫെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. മികച്ച സംഘാടകനും പാര്‍ലമെന്ററിയനുമാണ് സണ്ണി ജോസഫെന്നും തിരഞ്ഞെടുപ്പിലൂടെ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News