'രണ്ടുഎല്‍ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം': അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്‍

കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്

Update: 2024-10-25 10:36 GMT

ആലപ്പുഴ: രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണം എന്‍സിപി എം എല്‍ എ തോമസ് കെ തോമസ് നിഷേധിച്ചു. 'കോഴ ആരോപണം അടിസ്ഥാനരഹിതമാണ്. മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണമുയര്‍ന്നത്. ഇത്ര വലിയ വിഷയം ആരെങ്കിലും നിയമസഭാ ലോബിയില്‍ ചര്‍ച്ച ചെയ്യുമോ? കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാം ആരോപണങ്ങളും തെറ്റാണെന്നു തെളിയാന്‍. മുഖ്യമന്ത്രി എന്നെ അവിശ്വസിക്കുമെന്നു തോന്നുന്നില്ല'' വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട്ടിലെ ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിന്റെ വിഷമം ആണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ആന്റണി രാജുവിന് കുട്ടനാട് സീറ്റ് ലഭിക്കുന്നതിന് വേണ്ടി പൊട്ടിച്ച ബോംബ് ആണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ഒന്‍പത് പേജുള്ള കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിസ്ഥാനം വന്നില്ലെങ്കില്‍ ഇത്തരം ആരോപണം വരില്ലായിരുന്നെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപി മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തനിക്ക് മന്ത്രിസ്ഥാനം ആരും നിഷേധിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പുവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട് സീറ്റ് ജനാധിപത്യ കോണ്‍ഗ്രസിന് ലഭിക്കാന്‍ വേണ്ടിയാണ് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം ആന്റണി രാജു ഒരുപരിപാടിക്കിടെ പാര്‍ട്ടിക്കാരോട് പറഞ്ഞത് തോമസ് ഒന്നും മന്ത്രിയാകില്ല. താന്‍ ഒരുടോര്‍പിഡോ വച്ചിട്ടുണ്ടെന്നാണ്.

ആന്റണി രാജുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തന്നെ വിളിച്ചത്. താന്‍ ഇന്നുവരെ അജിത് പവാറിന് വേണ്ടി സംസാരിച്ചിട്ടില്ല. തനിക്ക് ഏറ്റവും അടുപ്പമുള്ളയാളാണ് പ്രഫുല്‍ പട്ടേല്‍. അവര്‍ ഇന്നുവരെ പറഞ്ഞിട്ടില്ല എകെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും വേണമെന്ന്. താന്‍ രണ്ട് എംഎല്‍എമാരെ വാങ്ങിയിട്ട് എന്തുചെയ്യാനാ. ഷോക്കേസില്‍ ഇട്ട് വെക്കാനാണോ? എന്നും തോമസ് കെ തോമസ് ചോദിച്ചു. ആന്റണി രാജുവിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചിട്ടില്ല. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. ആന്റണി രാജുവിന്റെ വൈരാഗ്യത്തിന്റെ കാരണം അറിയില്ലെന്നും തോമസ് കെ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആയ ആന്റണി രാജു, ആര്‍.എസ്.പി ലെനിനിസ്റ്റ് എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവിരം. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ എന്‍.സിപി (അജിത് പവാര്‍) യിലേക്ക് ചേരാനായിരുന്നു ക്ഷണിച്ചത്. പിണറായി വിജയന്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ വിവരം ആന്റണി രാജു സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അന്വേഷണം വേണമെന്നുമാണ് കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചത്

Tags:    

Similar News