പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനും
ട്രോളി ബാഗ് വിവാദത്തില്‍ സിപിഎമ്മില്‍ തര്‍ക്കം
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്ന ട്രോളി വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നത.
പാലക്കാട്ടെ പെട്ടി ചര്‍ച്ച നിര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്യണ്ടേത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കില്‍ ഇഡിയും പൊലീസും അന്വേഷിക്കണം . പെട്ടി ചര്‍ച്ച എല്‍ഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. പാര്‍ക്കുന്നത്തെ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ എംഎംഎല്‍എ എം നാരായണന്റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
സിപിഎമ്മിന്റെ നിലപാടാണ് താന്‍ പറഞ്ഞത്. ട്രോളി വിവാദം അനാവശ്യമാണ്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണം. പാലക്കാട് രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. ട്രോളി വിവാദം കഴിഞ്ഞു, ജനകീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറണം. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ചു കൊടുക്കരുത്. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല. യുഡിഎഫിനും ബിജെപിക്കുമാണ് ഇപ്പോഴത്തെ ചര്‍ച്ച ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷണദാസിനെ തള്ളി ജില്ലാ സെക്രട്ടറി
അതേസമയം, പി കെ കൃഷ്ണദാസിനെ തള്ളി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു രംഗത്തെത്തി. പരാതിയുമായി മുന്നോട്ടുപോകും. കള്ളപ്പണം വന്നുവെന്നത് വസ്തുത. അന്വേഷണം നടക്കുമ്പോള്‍ വസ്തുത പുറത്തുവരും. സിനിമയിലെ അധോലോക സംഘത്തെ പോലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യാത്ര.
എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോഴെന്ന് എംവി ഗോവിന്ദന്‍ രാവിലെ പ്രതികരിച്ചിരുന്നു. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണ്. പരിശോധന എല്‍ഡിഎഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ ശുക്രദശ പോയില്ലേയെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ശരിയായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന് നിരന്തരം കളവു പറയേണ്ട സാഹചര്യമാണ്. കളവ് ആവര്‍ത്തിക്കുകയല്ലാതെ വേറെ വഴിയില്ല. മന്ത്രി എം ബി രാജേഷ് എസ്പിയെ വിളിച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, മന്ത്രിക്ക് എസ്പിയെ വിളിക്കാം. മന്ത്രിയല്ലേ. അതൊക്കെ ഭരണസംവിധാനത്തിന്റെ ഭാഗമല്ലേ. പെരുമാറ്റച്ചട്ടം ഉണ്ടെന്നു കരുതി മന്ത്രിക്ക് എസ്പിയെ വിളിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചിരുന്നു.