സംസ്ഥാനത്തെ രാഷ്ട്രീയ ഗോദായില്‍ ഇനി കളി മാറും! നിര്‍ണായക നീക്കവുമായി ബിജെപി; ട്വന്റി 20 എന്‍ഡിഎയിലേക്ക്; സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും കൈകോര്‍ത്തു; മോദി എത്തുന്നതിന് തൊട്ടുമുമ്പ് വന്‍ ട്വിസ്റ്റ്! കിഴക്കമ്പലത്തെ സാബുവിനെ തളയ്ക്കാന്‍ നോക്കിയ ഇടതിനും വലതിനും പണി കിട്ടി; ബിജെപി സര്‍ക്കാര്‍ വികസന കാഴ്ച്ചപ്പാടുളള സര്‍ക്കാരെന്ന് സാബു ജേക്കബ്

ട്വന്റി 20 എന്‍ഡിഎയിലേക്ക്

Update: 2026-01-22 09:43 GMT

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കവുമായി ബിജെപി. ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നു. സാബു എം ജേക്കബ് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച നടത്തിയതോടെയാണ് തീരുമാനം സ്ഥിരീകരിച്ചത്. 

ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ തന്ത്രപരമായ നീക്കം. കിഴക്കമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്വന്റി 20, എന്‍ഡിഎയുടെ ഭാഗമാകുന്നത് എറണാകുളം ജില്ലയില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം. ഭാവി തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ ചുവടുവെപ്പ് കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വികസന കാഴ്ച്ചപ്പാടുളള സര്‍ക്കാരെന്ന് സാബു ജേക്കബ് പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍, ഐക്കരനാട് തൂത്തുവാരിയെങ്കിലും കിഴക്കമ്പലത്ത് ട്വന്റി 20ക്ക് തിരിച്ചടി നേരിട്ടിരുന്നു ഇതിനു പുറമെ രണ്ടു പഞ്ചായത്തില്‍ക്കൂടി ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടു. ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരുമാണ് ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടത്. എന്നാല്‍ തിരുവാണിയൂരില്‍ ശക്തമായ സാന്നിധ്യമാകാനും ട്വന്റി 20ക്കായി. അതേ സമയം, കിഴക്കമ്പലം പിടിക്കാന്‍ ഇടതുവലതു മുന്നണികള്‍ നടത്തിയ പരീക്ഷണം ഭാഗികമായി വിജയിച്ചു. ട്വന്റി 20 സ്ഥാനാര്‍ഥികള്‍ക്കെതിരെ 'സ്വതന്ത്ര' സ്ഥാനാര്‍ഥികളെ പോരിനയച്ച തന്ത്രമാണ് ഇത്തവണ പരീക്ഷിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ 14 സീറ്റില്‍ മാത്രമാണ് ട്വന്റി 20ക്ക് വിജയിക്കാനായത്.

ട്വന്റി 20യും ഇടതു, വലതു മുന്നണികളുമായി നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന കിഴക്കമ്പലത്ത് ഇത്തവണത്തെ പോരാട്ടം വ്യത്യസ്ത രീതിയിലായിരുന്നു. ട്വന്റി 20 സ്ഥാനാര്‍ഥികള്‍ക്കെതിരെ പൊതു സ്വതന്ത്രരെയാണ് എല്‍ഡിഎഫും യുഡിഎഫും പിന്തുണച്ചത്. ട്വന്റി 20യുടെ കോട്ടയില്‍ തന്നെ വിള്ളല്‍ വീഴ്ത്താന്‍ എതിര്‍പക്ഷത്തിനായി. അതേസമയം, കൊച്ചി കോര്‍പറേഷന്‍ പിടിക്കുമെന്ന് പ്രഖ്യാപിച്ച് 50ലേറെ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ട്വന്റി 20 യ്ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

Tags:    

Similar News