കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്ന് യു.ഡി.എഫ് തീരുമാനിക്കും; മണിയാര്‍ കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തതില്‍ അഴിമതി; അവസാന സമയമായപ്പോള്‍ എല്ലായിടത്തും കൊള്ളയെന്ന് വി ഡി സതീശന്‍
എല്ലായിടത്തും കൊള്ളയെന്ന് വി ഡി സതീശന്‍
കല്‍പ്പറ്റ: വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് സതീശന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു. ഈ വിഷയം അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കും. വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. പണം വാങ്ങുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കണക്ക് നല്‍കിയില്ല എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്‍കുന്നതിന് മുന്‍പ് തന്നെ പണം നല്‍കാമായിരുന്നു. അതേസമയം എസ്.ഡി.ആര്‍.എഫില്‍ 700 കോടി രൂപ ബാക്കിയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് പുനരധിവാസത്തിനു വേണ്ടി 681 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചായി വന്നത് ഉള്‍പ്പെടെ 7 കോടി 65 ലക്ഷമാണ് ഇതുവരെ ചെലവഴിച്ചത്. അപ്പോള്‍ 681 കോടിയും എസ്.ഡി.ആര്‍.എഫിലെ 700 കോടിയും കയ്യില്‍ ഉള്ളപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
കോണ്‍ഗ്രസും മുസ്ലീംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മ്മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല. സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടു പോകുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യാവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്ക് കാര്‍ബൊറാണ്ടം യൂണിവേഴ്സലിന് 30 വര്‍ഷത്തേക്ക് നല്‍കിയതാണ്. ഒരു വര്‍ഷം 18 മുതല്‍ 20 കോടി രൂപ വരെയാണ് ലാഭം. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ തിരിച്ചു കൊടുത്തില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് ആയിരക്കണക്കിന് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്.
ഈ പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കാനുള്ള കാരണം എന്താണ്? ഇതേക്കുറിച്ച് വ്യവസായ മന്ത്രിക്ക് അറിയാമെങ്കിലും മുഖ്യമന്ത്രി അറിയാതെ 500 കോടിയുടെ ഇടപാട് നടക്കില്ല. ടീകോം നഷ്ടപരിഹാരം നല്‍കേണ്ടതിനു പകരം അങ്ങോട്ട് നഷ്ടപരിഹാരം നല്‍കമെന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലായിടത്തും കള്ളത്തരമാണ്. അവസാന സമയമായപ്പോള്‍ കൊള്ള തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കില്ല. സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന ആളല്ല ഞാന്‍. എന്റെ ജോലി വേറെയാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുന്നുണ്ട്.
സി.പി.എം നേരിടുന്ന ജീര്‍ണത എസ്.എഫ്.ഐയെയും ബാധിച്ചിരിക്കുകയാണ്. കാമ്പസുകളില്‍ കെ.എസ്.യു തിരിച്ചുവരുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് വ്യാപകമായ അക്രമം നടത്തുന്നത്. ഇത് സ്റ്റാലിന്റെ കേരളമല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അതൊന്നും കേരളത്തില്‍ നടക്കില്ല.- സതീശന്‍ പറഞ്ഞു.