ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം; സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തില്‍ തീരുമാനമില്ല, പക്ഷേ അയ്യപ്പ ഭക്തരുടെ വോട്ട് വേണം; സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ സമീപനം; സി.പി.എമ്മിനെ പരിഹസിച്ച് വി.ഡി. സതീശന്‍
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ ഇവരുടെ കാപട്യം പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അഴകുഴമ്പന്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ തീരുമാനമോ ഉറപ്പോ നിലപാടോ സര്‍ക്കാറിനില്ലെന്നും എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ട് വേണമെന്നും സതീശന്‍ പരിഹസിച്ചു.
''സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് ഇന്നലെയും വളരെ വ്യക്തമായി പറഞ്ഞല്ലോ. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. നേരത്തെയുള്ള നിലപാടുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞിരുന്നു. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ ഇവരുടെ കാപട്യം പുറത്തുവരും. അഴകുഴമ്പന്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സത്യവാങ്മൂലം തിരുത്തിനല്‍കാന്‍ പത്തു മിനിറ്റ് പോരേ?
സാമൂഹ്യ സാഹചര്യങ്ങള്‍ മാറിയതിനാല്‍ നേരത്തെയുള്ള സര്‍ക്കാര്‍ നിലപാട് മാറ്റുന്നു, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്ന് തിരുത്തിക്കൊടുക്കാന്‍ എത്ര മണിക്കൂര്‍ ചര്‍ച്ച വേണം? തീരുമാനമോ ഉറപ്പോ നിലപാടോ സര്‍ക്കാറിനില്ല. എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ട് വേണം. എല്ലാംകൂടെ നടക്കില്ല. തിരുത്താന്‍ തയാറാണോ എന്ന് സര്‍ക്കാര്‍ പറയണം. തിരുത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തിക്കൊടുക്കും'' -വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാം. ഏപ്രില്‍ 22ന് വാദം കോടതി പൂര്‍ത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ്‌ക്യൂറി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്.
