അന്‍വറിനൊപ്പം കണ്ണൂരിലെ പ്രമുഖന്‍ പോയിട്ട് അനുഭാവി പോലും പോവില്ല; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ കമന്റുകള്‍ കണ്ട് ആവേശഭരിതനാവേണ്ട; അന്‍വറിന് കണ്ണൂരിന്റെ ചരിത്രം അറിയില്ലെന്ന് വി കെ സനോജ്; കടുത്ത പ്രതിസന്ധിയില്‍ നിലമ്പൂര്‍ എംഎല്‍എ

അന്‍വറിനൊപ്പം കണ്ണൂരിലെ പ്രമുഖന്‍ പോയിട്ട് അനുഭാവി പോലും പോവില്ല

Update: 2024-10-04 11:02 GMT

കണ്ണൂര്‍: സിപിഎമ്മിന്റെ പിന്തുണ നഷ്ടമായതോടെ പി വി അന്‍വര്‍ എംഎല്‍എ കടുത്ത പ്രതിസന്ധിയിലാണ്. കണ്ണൂരിലെ പ്രമുഖന്‍ തനിക്കൊപ്പമുണ്ട് എന്നൊക്കെ പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തല്‍ക്കാലം പാര്‍ട്ടിക്കുള്ളില്‍ വിലപ്പോകില്ലെന്നാണ് സൂചനകള്‍. ഇക്കര്യം വ്യക്തമാക്കി ഡി.വൈ.എഫ്.ഐ നേതാക്കളും രംഗത്തുവന്നു.

അന്‍വറിനൊപ്പം കണ്ണൂരിലെ സി.പി.എമ്മിന്റെ ഒരു അനുഭാവി പോലും ഉണ്ടാവില്ലെന്ന ഡി.വൈ.എഫ്. ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കണ്ണൂര്‍ യൂത്ത് സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമിന് അടിയില്‍ വരുന്ന കമന്റുകള്‍ കണ്ട് ആവേശഭരിതനായിരിക്കുകയാണ് അന്‍വര്‍. എന്നാല്‍ കണ്ണൂരില്‍ അതൊന്നും നടക്കാന്‍ പോകുന്നില്ല. കണ്ണൂരിന്റെ ചരിത്രം അന്‍വറിന് അറിയില്ലെന്നും വി.കെ സനോജ് പറഞ്ഞു.

കണ്ണൂരിലെ ഉന്നത സി.പി.എം നേതാവുമായി താന്‍ നേരത്തെ ഗള്‍ഫില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് പി.വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി.കെ സനോജ് രംഗത്തുവന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തോടൊപ്പമിരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ അന്‍വര്‍ പറഞ്ഞിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കും. ഞായറാഴ്ച തയാറാകുന്നത് പാര്‍ട്ടിയുടെ എന്‍ജിന്‍ മാത്രമാണ്. ബോഗികള്‍ പിന്നാലെ വരും. സര്‍ക്കാര്‍ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്‌നങ്ങളാകും പുതിയ പാര്‍ട്ടി ചര്‍ച്ച ചെയ്യുകയെന്നും അന്‍വര്‍ പറഞ്ഞു.

''മാറി നില്‍ക്കുന്ന പല സി.പി.എം നേതാക്കളും മുന്‍ എം.എല്‍.എമാരും എം.പിമാരും ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. കണ്ണൂരില്‍നിന്നുള്ള പ്രബലനായ നേതാവ് ഈ വിഷയത്തില്‍ എന്നോടൊപ്പമാണ്. അവരെല്ലാം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സഖാക്കളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന ചെറുതും വലുതുമായ ഒരുപാട് നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. ഞായറാഴ്ച ട്രെയിനിന്റെ എന്‍ജിനാണ് തയാറാവുന്നത്. ബോഗികള്‍ പിന്നാലെ വരും. കേരളം മുഴുവന്‍ രണ്ട് റൗണ്ട് കറങ്ങുമ്പോഴേക്കും ബോഗികള്‍ പൂര്‍ണമാകും. സര്‍ക്കാര്‍ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്‌നങ്ങളാകും പുതിയ പാര്‍ട്ടി ചര്‍ച്ച ചെയ്യുക. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളും'' -അന്‍വര്‍ പറഞ്ഞു.

നിയമസഭയില്‍ പ്രത്യേകമായിരിക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. മഞ്ചേശ്വരം എം.എല്‍.എക്ക് സമീപം ഇരിപ്പിടം അനുവദിച്ചതിനെ അന്‍വര്‍ പരിഹസിച്ചു. അങ്ങേയറ്റത്ത് എത്തിച്ചുവെന്നും മംഗലാപുരത്തേക്ക് മാറ്റില്ലല്ലോ എന്നുമായിരുന്നു പരാമര്‍ശം. പി. ശശി അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല. എം.എല്‍.എ എന്ന മൂന്നക്ഷരത്തില്‍ തന്നെ തളച്ചിടാനാകില്ല. പൂരം കലക്കല്‍ അന്വേഷിക്കുന്ന ഇന്റലിജന്‍സ് മേധാവിയുടെ കീഴിലാണ് അന്നത്തെ തൃശൂര്‍ കമീഷണറുള്ളത്. അങ്കിത് അശോകാകും അന്വേഷണത്തെ നിയന്ത്രിക്കുകയെന്നും അന്‍വര്‍ ആരോപിച്ചു.

അതേസമയം അരീക്കോട് എസ്.ഒ.ജി ക്യാമ്പ് കമാന്‍ഡന്റ് നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് അന്‍വറിനെതിരെ കേസെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനാണ് കേസ്. ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്നാണ് പരാതി. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.

Tags:    

Similar News