വിവി രാജേഷിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ താന്‍ ഇടപെട്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റ്; മേയറിനും ഡെപ്യുട്ടി മേയറിനും ആശംസകള്‍; പ്രതികരണവുമായി വി മുരളീധരന്‍; ശ്രീലേഖ വരും കാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?
തിരുവന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. വി.വി. രാജേഷിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ താന്‍ ഇടപെട്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ആരുടെയും പേര് പറയുകയോ ആരെയും എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും, തിരുവനന്തപുരത്ത് ബിജെപി അധികാരം ഉറപ്പിച്ചതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കുറിച്ചു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുത്തതെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിലപാടില്‍ പാര്‍ട്ടി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ആര്‍. ശ്രീലേഖയുടെ പേര് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് വൈകിട്ടോടെ വി.വി. രാജേഷിനെ പ്രഖ്യാപിച്ചത്. മേയര്‍ സ്ഥാനാര്‍ഥി വി.വി. രാജേഷിനും ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി ആശാ നാഥിനും ആശംസകള്‍ നേര്‍ന്നാണ് മുരളീധരന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
തുടക്കത്തില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേരായിരുന്നു മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഒരു വിഭാഗം ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നതയും ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയും വി.വി. രാജേഷിന് അനുകൂലമായി മാറി. രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ മേയറാകണമെന്ന വാദമാണ് ഇവിടെ മുന്‍തൂക്കം നേടിയത്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന സാഹചര്യത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, ആശാ നാഥിനെയാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീലേഖ വരുംകാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ (വട്ടിയൂര്‍ക്കാവ് മണ്ഡലം) മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഈ ഗ്രൂപ്പ് വഴക്കുകളില്‍ വി. മുരളീധരന്‍ ഇടപെട്ട് വി.വി. രാജേഷിനെ സഹായിച്ചു എന്ന ആരോപണങ്ങള്‍ വന്നതോടെയാണ് അദ്ദേഹം പരസ്യമായ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി എടുത്ത കൂട്ടായ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 101 അംഗ കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്നെങ്കിലും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ബിജെപി ഭരണം ഉറപ്പിച്ചു.
