തിരുവനന്തപുരത്ത് ഉജ്ജ്വല വിജയമേകിയത് മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍; വികസിത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി നല്‍കിയത്; 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റും; മോദിയെ സാക്ഷി നിര്‍ത്തി മേയര്‍ വി വി രാജേഷിന്റെ പ്രസംഗം ഇങ്ങനെ

തിരുവനന്തപുരത്ത് ഉജ്ജ്വ വിജയമേകിയത് മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍

Update: 2026-01-23 09:42 GMT

തിരുവനന്തപുരം: 2030 ഓടെ ആരും ജീവിക്കാനാഗ്രഹിക്കുന്ന നഗരമാക്കി തിരുവനന്തപുരത്തെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മാറ്റിയെടുക്കുമെന്ന് മേയര്‍ വി.വി. രാജേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.വി. രാജേഷ്. ചടങ്ങില്‍ ആദ്യം സംസാരിച്ചു തുടങ്ങിയത് രാജേഷായിരുന്നു.

വികസിത ഭാരതം എന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുദ്രാവാക്യം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനൊന്ന് കൊല്ലമായി രാജ്യത്ത് നടത്തിവരുന്ന വികസനപ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്തെ ജനങ്ങളെ സ്വാധീനിച്ചതും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് ഉജ്വലവിജയം സമ്മാനിച്ചതുമെന്ന് രാജേഷ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ശേഷം 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ ഇവിടെയെത്തിക്കാന്‍ സാധിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകസുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം ചോദിച്ചിരുന്നു, നഗരത്തെ ആശീര്‍വദിക്കാന്‍ ബഹുമാന്യനായ പ്രധാനമന്ത്രി ഇവിടെയയെത്തിയിരിക്കുകയാണെന്നെന്ന് അഭിമാനത്തോടെ പറയുകയാണ്. മൂന്ന് തവണ എക്സ് പോസ്റ്റിലൂടെയും തിരുവനന്തപുരത്തെയും കേരളത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയും കൊല്‍ക്കത്തയിലെയും അസമിലെയും പരിപാടികളികളില്‍ തിരുവനന്തപുരത്തെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തതിലൂടെയും ഇവിടെ സന്നിഹിതനായതിലൂടെയും വികസിതഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്, വി.വി. രാജേഷ് പറഞ്ഞു.

തിരുവനന്തപുരത്തിന്റെ പ്രശ്നങ്ങളും അടങ്ങുന്ന രൂപരേഖ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു. വെറും 26 ദിവസം പ്രായമായ ഒരു ഭരണസമിതിയാണിത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്ത് തയ്യാറാക്കിയ രൂപരേഖ പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുകയാണ്. ഈ രൂപരേഖ അപൂര്‍ണമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന വ്യത്യസ്ത കോണ്‍ക്ലേവുകളുടെ അടിസ്ഥാനത്തില്‍, 2030 ആകുമ്പോഴേക്കും തിരുവനന്തപുരം രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള പദ്ധതികള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റും, മേയര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരത്തിന്റെ മേയറായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ, സംസ്ഥാന സമിതികള്‍ക്കും തിരുവനന്തപുരത്തെ ജനങ്ങള്‍ക്കും നന്ദിയറിയിച്ചു കൊണ്ടായിരുന്നു വി.വി. രാജേഷ് തന്റെ ഹ്രസ്വമായ പ്രസംഗമാരംഭിച്ചത്. അതേസമംയ തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വി വി രാജേഷ്...' തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ചരിത്ര വിജയം നേടിയ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചകളായിരുന്നു ഇന്നു തലസ്ഥാനത്ത് കണ്ടത്.

പുത്തരിക്കണ്ടം മൈതാനത്തെ ഔദ്യോഗിക പരിപാടിയില്‍ വേദിയുടെ അരികിലായിരുന്നു മേയര്‍ വി വി രാജേഷിന്റെ ഇരിപ്പിടം. മുഖ്യമന്ത്രിയും ഗവര്‍ണറും അടക്കം നിറഞ്ഞ വേദിയില്‍ മേയറെ നേരിട്ട് വന്ന് കൈ കൊടുക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ല. എന്നാല്‍ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി.

'തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... '-ഇങ്ങനെയായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന വി വി രാജേഷ്, തിരുവനന്തപുരത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരുന്നു സുഹൃത്ത് പരാമര്‍ശം. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കൂടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും. മേയര്‍ വിവി രാജേഷിന്റെ തോളില്‍ തട്ടി സംസാരിച്ചാണ് മോദി വേദിയില്‍ നിന്നും പുറത്തേക്ക് പോയത്. രാജേഷുമായി ആശയ വിനിമയവും നടത്തി.

പിന്നീട് നേരെ പോയത് ബിജെപി പരിപാടിയിലേക്കായിരുന്നു. അവിടെ വച്ച് വാരിപ്പുണര്‍ന്നും തോളില്‍ തട്ടിയുമാണ് പ്രധാനമന്ത്രി വി വി രാജേഷിനെ അഭിനന്ദിച്ചത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥാകട്ടെ പ്രധാനമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങുകയും ചെയ്തു. 'ഇന്ന് മേയറുടെ ദിനം' എന്നായിരുന്നു വി വി രാജേഷിനെ പ്രധാനമന്ത്രി ആശ്ലേഷിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കെ സുരേന്ദ്രന്‍ കുറിച്ചത്.

Tags:    

Similar News