എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള്‍ ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചു
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മേയര്‍ നിര്‍ണ്ണയത്തില്‍ അസംതൃപ്തി പരസ്യമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ദീപ്തി മേരി വര്‍ഗ്ഗീസ് അനുനയത്തിന് വഴങ്ങില്ല. എന്നാല്‍ കെപിസിസിയെ ധിക്കരിക്കുകയുമില്ല. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാണ്ടിനേയും അറിയിക്കും.
മേയറെ നിശ്ചയിച്ച വിവരം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും ദീപ്തി പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തിയെ വെട്ടി എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും ടേം വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെസി വേണുഗോപാലിനോട് രാഷ്ട്രീയമായി അടുപ്പമുള്ള വ്യക്തിയാണ് ദീപ്തി മേരി വര്‍ഗ്ഗീസ്. രണ്ടു കാര്യങ്ങളില്‍ കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇത് വ്യക്തവുമാണ്. ഇതിന് എറണാകുളം ഡിസിസി നല്‍കുന്ന മറുപടി നിര്‍ണ്ണായകമാകും. വിഡി സതീശന്റെ പിന്തുണയിലാണ് മിനി മോള്‍ ആദ്യ ടേമില്‍ കൊച്ചിയില്‍ മേയറാകുന്നത് എന്നാണ് ഉയരുന്ന വാദം.
കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം നിരീക്ഷകരുടെ സാന്നിധ്യത്തില്‍ രഹസ്യമായി അഭിപ്രായം തേടുന്നതിന് പകരം മുതിര്‍ന്ന നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍. വേണുഗോപാലും പരസ്യമായി അഭിപ്രായം ചോദിച്ചത് അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. കോര്‍ കമ്മിറ്റി ചേര്‍ന്ന് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഷൈനി മാത്യുവിനും മിനിമോള്‍ക്കും ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ടെന്ന നേതാക്കളുടെ വാദത്തെ ദീപ്തി ചോദ്യം ചെയ്തു. ഷൈനി മാത്യുവിനെ 19 പേരും മിനിമോളെ 17 പേരും പിന്തുണച്ചപ്പോള്‍ ദീപ്തിക്ക് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെയാണ് പ്രശ്‌നം. കെപിസിസി മാനദണ്ഡ പ്രകാരം രണ്ടു പേര്‍ക്ക് തുല്യ വോട്ട് കിട്ടിയാല്‍ മാത്രമേ മേയര്‍ പദവി പങ്കുവയ്ക്കാവൂ. എന്നാല്‍ ഇവിടെ അത് അസംഭവിച്ചില്ല.
ഷൈനി മാത്യുവിനെ 19 പേരും മിനിമോളെ 17 പേരും പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ അഞ്ചു വര്‍ഷവും ഷൈനി മാത്യു മേയറാകണം. എന്നാല്‍ സ്ഥാനം പങ്കിട്ടു. മിനിമോളാണ് ആദ്യ ടേമില്‍ മേയറാകുന്നതും. കെപിസിസി പ്രതിനിധിയും യോഗത്തിന് എത്തിയില്ല. വിഡി സതീശന്റെ പക്ഷത്തിനാണ് എറണാകുളത്ത് മുന്‍തൂക്കം. ഈ മുന്‍തൂക്കം ഉപയോഗിച്ച് ദീപ്തിയെ വെട്ടി. മത്സരിക്കാന്‍ ഇല്ലെന്ന് ദീപ്തി നിലപാട് എടുത്തിരുന്നു. എന്നിട്ടും ദീപ്തിയെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത് വിഡി സതീശനായിരുന്നു. എന്നിട്ടാണ് തന്ത്രപരമായി ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് രീതിയെ സംബന്ധിച്ച് പാര്‍ട്ടിയുടെ വ്യക്തമായ സര്‍ക്കുലര്‍ നിലവിലുണ്ടായിരുന്നിട്ടും അത് പാലിക്കപ്പെട്ടില്ലെന്ന് ദീപ്തി ആരോപിച്ചു. ഡിസിസി പ്രസിഡന്റോ കൊച്ചി കോര്‍പ്പറേഷന്റെ ചുമതലയുള്ള പ്രതിപക്ഷ നേതാവോ ഇതുവരെ തന്നോട് ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞതിനെതിരെ രൂക്ഷമായ ഭാഷയില്‍ അജയ് തറയിലും രംഗത്തെത്തി. ഭൂരിപക്ഷാഭിപ്രായത്തിന് വിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും ഇത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തിയെന്നും അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തത് അംഗീകരിക്കാനാവില്ലെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൊച്ചി കോണ്‍ഗ്രസില്‍ ഈ തര്‍ക്കം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കും.
