സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; പത്തനംതിട്ട നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അമര്‍ഷം; കേസെടുപ്പിച്ചത് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന്; വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍
വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍
പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ഹുസൈനെ അടക്കം പ്രതിയാക്കി വധശ്രമത്തിന് കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷം. ഇതു സംബന്ധിച്ച അതൃപ്തി സിപിഎം സംസ്ഥാന സമിതി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എന്നിവര്‍ ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ നിന്നും ഇടപെട്ടാണ് സക്കീര്‍ ഹുസൈനെ പ്രതിയാക്കിയതെന്നാണ് ആരോപണം. ഇതോടെ വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റു മുട്ടല്‍ പുതിയ തലത്തിലേക്ക് എത്തി.
കഴിഞ്ഞ ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വച്ച് സി.പി.എം കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വിളവിനാല്‍ ഗ്രേസ് ഭവനില്‍ ജോണിന്റെ മകന്‍ റോബിന്‍ ജോണ്‍ എന്ന റോബിന്‍ വിളവിനാലി(39)നാണ് വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍, കണ്ടാലറിയാവുന്ന മൂന്നു പേര്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍. ഒന്നര മാസം മുന്‍പാണ് സി.പി.എം വിട്ട് റോബിന്‍ സി.പി.ഐയില്‍ ചേര്‍ന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ കമ്മറ്റി അംഗമാണ് നിലവില്‍ റോബിന്‍.
എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് സി.പി.എം നഗരസഭ ഭരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു റോബിന്‍ പാര്‍ട്ടി വിട്ടത്. ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ മാര്‍ച്ചും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണവും നടത്തിയിരുന്നു. ഇതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനാണെന്ന് റോബിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്പോണ്‍സേര്‍ഡ് സമരം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എല്‍.എ വീണാ ജോര്‍ജിനെതിരേ എസ്.ഡി.പി.ഐ സമരം ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ തീരുമാന പ്രകാരം എന്നായിരുന്നു പോസ്റ്റ്.
ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിന്‍ പറഞ്ഞു. വീടിനടുത്ത കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന റോബിനെ മങ്കി ക്യാപ് ധരിച്ച് ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചത്. തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോള്‍ പന്തികേട് തോന്നിയ റോബിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ചെന്ന സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ ആ വെട്ട് താടിക്കാണ് കൊണ്ടത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പിന്നിലും പരുക്കുണ്ട്. നീ സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നാണ് അക്രമികള്‍ ആക്രോശിച്ചതെന്ന് റോബിന്‍ പറയുന്നു. റോബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍ക്കാരനും അടിയേറ്റു. റോബിന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
നഗരസഭയിലെ എസ്.ഡി.പി.ഐ ബാന്ധവമാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണം. ഇടതു മുന്നണിയില്‍ തന്നെ തുടരണം എന്നതിനാലാണ് സി.പി.ഐയില്‍ ചേര്‍ന്നത്. ഇവിടെ നിന്നും എസ്ഡിപിഐ ബാന്ധവത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും റോബിന്‍ പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാണെന്നുമാണ് വിവരം. നഗരസഭയില്‍ സി.പി.എം ഭരിക്കുന്നത് എസ്.ഡി.പി.ഐ പിന്തുണയോടെയാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ചെയര്‍മാന്‍ ടി. സക്കീര്‍ഹുസൈനും എസ്.ഡി.പി.ഐ നേതൃത്വവും ഈ ആക്ഷേപം നിഷേധിക്കുകയാണുണ്ടായത്. സി.പി.എമ്മില്‍ ആയിരുന്നപ്പോള്‍ മന്ത്രി വീണാ ജോര്‍ജിനൊപ്പം നിലയുറപ്പിച്ചിരുന്നയാളാണ് റോബിന്‍ വിളവിനാലും സി.പി.എമ്മിന്റെ നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സനും. സി.പി.എം ബാന്ധവം സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചതിന്റെ പേരില്‍ ജോണ്‍സനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈനും മന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായ രഹസ്യമാണ്. നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ ഏറ്റെടുത്ത പദ്ധതികള്‍ എല്ലാം സക്കീര്‍ ഹുസൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, സ്ഥലം എംഎല്‍എയായ വീണാ ജോര്‍ജ് കൊണ്ടു വന്ന അബാന്‍ മേല്‍പ്പാലം അടക്കമുള്ള പദ്ധതികള്‍ ഇഴയുകയാണ്. വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം മേല്‍പ്പാലം വന്‍ ദുരിതമാണ് സമ്മാനിക്കുന്നത്. സക്കീര്‍ ഹുസൈന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തുന്നുമുണ്ട്.
സക്കീറുമായുള്ള ഭിന്നതയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയുടെ ഭരണം നഗരസഭയില്‍ നിന്ന് എടുത്തു മാറ്റി ജില്ലാ പഞ്ചായത്തിന് നല്‍കിയിരുന്നു. ഇതോടെ ആശുപത്രിയുടെ അവസ്ഥ വളരെ ദയനീയമാണ്. കേന്ദ്രം ആശുപത്രി വികസനത്തിന് അനുവദിച്ച ഫണ്ട് അടക്കം ലാപ്സായി. വീണയ്ക്കെതിരേ സക്കീറിനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുണ്ട്. പാര്‍ട്ടി വേദികളിലും സമ്മേളനങ്ങളിലും ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് നടക്കുന്നത്. മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നിവരെ കണ്ട് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ വീണ നിലയ്ക്ക് നിര്‍ത്തുന്നുവെന്നാണ് ആരോപണം. മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതു പോലും വീണയ്ക്ക് നല്‍കുന്ന അമിത പരിഗണന കണ്ടായിരുന്നു. ഇന്നലെ വന്ന് പാര്‍ട്ടിയുടെ തലപ്പത്ത് കയറി എന്നാണ് വീണയ്ക്ക് എതിരായ വിമര്‍ശനം.
ആരോഗ്യമന്ത്രി പൊതുവേ വിമര്‍ശനങ്ങളില്‍ അസഹിഷ്ണുവാണ്. റോബിന്‍ വിളവിനാലിനെതിരായ ആക്രമണം മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സക്കീര്‍ ഹുസൈനെതിരേ സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് സിപിഎം ജില്ലാ നേതൃത്വം കരുതുന്നത്. ആര് ഇടപെട്ടാലും ജില്ലാ കമ്മറ്റിയംഗം കൂടിയായ സക്കീറിനെതിരേ പോലീസ് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി ധൃതിയില്‍ കേസെടുത്തതാണ് പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിരിക്കുന്നത്.