'സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ടോ? പിന്നെന്ത് കാര്യം; ഭിന്നത മറന്ന് ബി.ജെ.പി ക്യാമ്പ് ഉണര്‍ന്നു'; സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് വി.എസ് വിജയരാഘവന്‍
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് വി.എസ് വിജയരാഘവന്‍
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എസ്.വിജയരാഘവന്‍. പാലക്കാട് വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ഗുണമായെന്നും അദ്ദേഹത്തെ സ്വീകരിച്ചത് അനവസരത്തിലാണെന്നും വിജയരാഘവന്‍ തുറന്നടിച്ചു.
'ഞാന്‍ 25 വര്‍ഷം ഡി.സി.സി പ്രസിഡന്റും 15 വര്‍ഷം എം.പിയുമായിരുന്നു. സന്ദീപ് കോണ്‍ഗ്രസിലേക്ക് വരുന്നൂവെന്ന് ടെലിവിഷനില്‍ കണ്ടതല്ലാതെ ഇതേകുറിച്ച് എന്നോട് ആരും ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല. സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ടോ പിന്നെ എന്താണ് കാര്യം 23-ാം തീയതിക്ക് ശേഷം അദ്ദേഹത്തെ കൊണ്ടുവന്നാല്‍ മതിയായിരുന്നു. സന്ദീപിന്റെ വരവോടെ, ചെറിയ അഭിപ്രായ വ്യാത്യാസങ്ങളും സൗന്ദര്യപിണക്കങ്ങളും മാറ്റി ബി.ജെ.പി യോജിച്ചെന്നാണ് മനസ്സിലാക്കുന്നത്', അദ്ദേഹം പറഞ്ഞു.
ആവശ്യമില്ലാത്തൊരു തിരഞ്ഞെടുപ്പ് ഉണ്ടായെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്നും ഇത് പാലക്കാട്ട് പോളിങ് കുറയാനുള്ള കാരണങ്ങളില്‍ ഒന്നാണെന്നും പറഞ്ഞ വിജയരാഘവന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് തന്നോടാരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പാര്‍ട്ടി തീരുമാനത്തെ അനുകൂലിച്ചെന്നും അതില്‍ യാതൊരു തര്‍ക്കമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. രാഹുല്‍ മിടുക്കനാണെന്നും പോരാളിയാണെന്നും പറഞ്ഞ അദ്ദേഹം, ഇതിനോട് എത്രത്തോളം പാലക്കാട്ടുകാര്‍ യോജിച്ചുവെന്നത് 23-ാം തീയതിക്ക് ശേഷം അറിയാമെന്നും അഭിപ്രായപ്പെട്ടു.
സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സന്ദീപ് ചേരുന്നത് സംബന്ധിച്ച് നേരത്തെ സൂചന നല്‍കിയിരുന്നെങ്കില്‍ വിമര്‍ശനം ഒഴിവാക്കുമായിരുന്നുവെന്നായിരുന്നു പ്രതികരണം.
അദ്ദേഹം ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാക്കി. വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് വിമുഖതയെന്നും മുരളീധരന്‍ പ്രതികരിച്ചിരുന്നു.
കെപിസിസി അധ്യക്ഷനടക്കം ഉത്തരവാദിത്തപ്പെട്ട നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തിയാണ് വി ഡി സതീശന്റെ നേതൃത്വത്തില്‍ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും കെ മുരളീധരനുമടക്കമുള്ളവര്‍ സംശയത്തോടെയാണ് നീക്കത്തെ കണ്ടത്.
സംസ്ഥാന നേതൃത്വത്തിന്റെ ചടുലമായ നീക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ബെന്നി ബഹനാനാണ്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ഉറപ്പിക്കുന്ന നിര്‍ണായ കൂടിക്കാഴ്ച നടന്നത് വ്യാഴാഴ്ച കോയമ്പത്തൂരില്‍. ബിജെപിയെ ഞെട്ടിച്ച സിപിഎമ്മിനെ കുരുക്കിയ സന്ദീപ് ഓപ്പറേഷന്‍ കോണ്‍ഗ്രസിന്റെ പതിവ് ശൈലികള്‍ എല്ലാം തിരുത്തി കൊണ്ടുള്ളതായിരുന്നു. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷന്‍ തുടങ്ങിയത് 8 ദിവസം മുമ്പ്. സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബെന്നി ബഹനാന്‍ എംപിയാണ്.
സിപിഎം നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി സന്ദീപിനെ പുകഴ്ത്തിയതോടെ അനുകൂല സാഹചര്യമാണെന്ന് ഉറപ്പിച്ച് സംസ്ഥാന നേതൃത്വത്തിന് വേണ്ടി വി ഡി സതീശന്‍ കരുക്കള്‍ വേഗത്തില്‍ നീക്കി. പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹന്‍ സന്ദീപുമായി കോയമ്പത്തൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തി.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാലില്‍ നിന്ന് കോണ്‍ഗ്രസിലെ ഭാവി സംബന്ധിച്ച് ഉറപ്പുവാങ്ങി. പിന്നെ ഒട്ടുംവൈകിയില്ല, മുഖ്യമന്ത്രി താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലില്‍ തന്നെ വിഡി സതീശനും ബെന്നി ബഹനാനും ദീപ ദാസ് മുന്‍ഷിയും പി വി മോഹനും യോഗം ചേര്‍ന്നു, കെ സുധാകരനെ വിവരം ധരിപ്പിച്ച് മുഖ്യമന്ത്രി പര്യടനം തുടങ്ങുന്ന ദിവസം തന്നെ തലക്കെട്ട് തിരുത്തി.സന്ദീപിന്റെ വരവില്‍ അപശബ്ദങ്ങള്‍ ഒഴിവാക്കാന്‍ ലീഗ് നേതൃത്വത്തിനും കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.