'ബസുകളില്‍ ഗുണ്ടകളുടെ ഭരണമാണ്, വിദ്യാര്‍ഥികളെ നിരന്തരം അപമാനിക്കുന്നു, ഒരു രൂപ കണ്‍സഷന്‍ ചാര്‍ജിന് പകരം പത്തുരൂപ കൊടുത്താല്‍ പോലും ഇറക്കിവിടുന്നു; ഒരു പിതാവിന്റെ സംഘര്‍ഷവും ഒരു വിദ്യാര്‍ഥിയുടെ വേദനയും മനസ്സിലാക്കണം'; ജില്ല കലക്ടര്‍ക്ക് സങ്കട ഹരജിയുമായി തിരകഥാകൃത്ത് പി.എസ്.റഫീഖ്

'ബസുകളില്‍ ഗുണ്ടകളുടെ ഭരണമാണ്, വിദ്യാര്‍ഥികളെ നിരന്തരം അപമാനിക്കുന്നു

Update: 2025-07-30 08:56 GMT

തൃശൂര്‍: വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. സ്വകാര്യ ബസ് ഉടമകള്‍ ഈ വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകുകയാണ് താനും. ഇതോടെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മനോവേദനകളും ചര്‍ച്ചകളില്‍ നിറയുകയാണ്. വിദ്യാര്‍ഥികളുടെ പ്രശ്‌നം ചൂണ്ടിക്കാട്ടുകയാണ് തിരക്കഥാകൃത്ത് പി എസ് റഫീഖ്.

തൃശൂര്‍ ജില്ല കലക്ടറുടെ ശ്രദ്ധയിലേക്ക് തിരകഥാകൃത്ത് പി.എസ്.റഫീഖ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ സങ്കട ഹരജിയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം യാത്രനിരക്ക് ഒരു രൂപയാണെങ്കിലും പത്തു രൂപ കൊടുത്ത് പോലും യാത്ര ചെയ്യാന്‍ അനുവദിക്കാതെ ബസ് ജീവനക്കാര്‍ കുട്ടികളെ അപമാനിക്കുന്ന അവസ്ഥ അങ്ങേയറ്റം വേദനജനകമാണെന്നും വിഷയത്തില്‍ കലക്ടറുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ മകള്‍ യാത്ര ചെയ്യുന്ന കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പി.എസ് റഫീഖിന്റെ പോസ്റ്റ്.

'വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് ഒരു രൂപയാണല്ലോ. എന്നാല്‍ രണ്ടു മുതല്‍ അഞ്ചു രൂപ വരെ എല്ലാ വിദ്യാര്‍ഥികളും കൊടുക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശൂര്‍ വരെ യാത്ര ചെയ്യുന്നതിനാല്‍ എന്റെ മകളടക്കമുള്ള കുട്ടികള്‍ പത്തു രൂപ നല്‌കേണ്ടി വരുന്നുണ്ട്. അത് കൊടുക്കുന്നതില്‍ വൈമനസ്യം കാണിക്കാറില്ല. കാണിച്ചിട്ട് കാര്യവുമില്ല.

ലിമിറ്റഡ് സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ ഇല്ല എന്ന അലിഖിത നിയമം നില നില്ക്കുന്നതിനാല്‍ ലോക്കല്‍ ബസുകളെയാണ് ഈ കുട്ടികള്‍ ആശ്രയിക്കാറ്. പുതിയ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ പത്തു രൂപക്ക് തൃശൂര്‍ വരെ യാത്ര ചെയ്യാന്‍ പറ്റില്ല എന്ന നിരന്തര ഭീഷണി ഈ കുഞ്ഞുങ്ങള്‍ നേരിടുകയാണ്. മാന്യരായ ബസ്സ് ജീവനക്കാര്‍ ഉണ്ടെന്നിരിക്കെ, ബസുകളില്‍ കുറെയെണ്ണത്തിലെങ്കിലും ഗുണ്ടകളുടെ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മറ്റു യാത്രക്കാരുടെ മുമ്പില്‍ വച്ച് അപമാനിക്കുക. ബസില്‍ നിന്ന് ഇറക്കി വിടുക, അസഭ്യം പറയുക തുടങ്ങി നിരവധി പീഡനങ്ങള്‍ എന്റെ മകളടക്കമുള്ള കുഞ്ഞുങ്ങള്‍ നേരിടുന്നുണ്ട്. മുഴുവന്‍ ചാര്‍ജോ, അതില്‍ പകുതിയോ ദിവസവും കൊടുത്ത് പോയി. വരാന്‍ നിവൃത്തിയുള്ള കുട്ടികളല്ല എന്റെ മകളടക്കമുള്ള പല കുട്ടികളുമെന്ന് അന്വേഷണത്തില്‍ താങ്കള്‍ക്ക് ബോധ്യപ്പെടുന്നതാണ്.'-പി.എസ് റഫീഖ് പറയുന്നു.

മാന്യമായി വിദ്യാഭ്യാസം നേടാന്‍ ധനികനും ദരിദ്രനും ഒരു പോലെ അവകാശമുണ്ടെന്നിരിക്കെ ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. കഷ്ടപ്പെട്ട് പഠിച്ച് ഉന്നതിയിലെത്തിയ താങ്കള്‍ക്ക്(ജില്ല കലക്ടര്‍) ഒരു പിതാവിന്റെ സംഘര്‍ഷവും ഒരു വിദ്യാര്‍ഥിയുടെ വേദനയും പൂര്‍ണമായി മനസിലാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

പി.എസ് റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണം:

'ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ അറിയുന്നതിന് ഒരു പാട് കുട്ടികള്‍ക്കു വേണ്ടി ഒരു കുട്ടിയുടെ രക്ഷിതാവിന്റെ സങ്കട ഹര്‍ജി

സര്‍,

എന്റെ മകള്‍ തൊണ്ണൂറ് ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിക്കുകയും അവള്‍ക്ക് തൃശൂരിലെ ഒരു പ്രമുഖ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ കൊടുങ്ങല്ലൂരിലാണ് താമസിക്കുന്നത്. ഭാരിച്ച ഫീസിലുപരി ഹോസ്റ്റലില്‍ നിര്‍ത്താനുള്ള സാമ്പത്തിക പിന്‍ബലം തല്ക്കാലമില്ലാത്തതിനാല്‍ ദിവസവും പോയി വരാതെ നിവൃത്തിയില്ലാതായിരിക്കുന്നു. രാവിലെ 8.45 ന് കോളേജിലെത്തേണ്ടതിനാല്‍ ആറു മണിയോടു കൂടി വീട്ടില്‍ നിന്നിറങ്ങി ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് കൊടുങ്ങല്ലൂരിലെത്തി ഏഴ് മണിയോടെയുള്ള ബസ്സ് പിടിക്കണം

ഇനി, പ്രശ്‌നത്തിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. എന്റെ മകളടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ബസ്സു ജീവനക്കാരാല്‍ അപമാനിക്കപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് ഒരു രൂപയാണല്ലോ. എന്നാല്‍ രണ്ടു മുതല്‍ അഞ്ചു രൂപ വരെ എല്ലാ വിദ്യാര്‍ത്ഥികളും കൊടുക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശൂര്‍ വരെ യാത്ര ചെയ്യുന്നതിനാല്‍ എന്റെ മകളടക്കമുള്ള കുട്ടികള്‍ പത്തു രൂപ നല്‌കേണ്ടി വരുന്നുണ്ട്. അത് കൊടുക്കുന്നതില്‍ വൈമനസ്യം കാണിക്കാറില്ല. കാണിച്ചിട്ട് കാര്യവുമില്ല.

ലിമിറ്റഡ് സ്റ്റോപ്പുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ ഇല്ല എന്ന അലിഖിത നിയമം നില നില്ക്കുന്നതിനാല്‍ ലോക്കല്‍ ബസ്സുകളെയാണ് ഈ കുട്ടികള്‍ ആശ്രയിക്കാറ്.

പുതിയ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ പത്തു രൂപയ്ക്ക് തൃശൂര്‍ വരെ യാത്ര ചെയ്യാന്‍ പറ്റില്ല എന്ന നിരന്തര ഭീഷണി ഈ കുഞ്ഞുങ്ങള്‍ നേരിടുകയാണ്. മാന്യരായ ബസ്സ് ജീവനക്കാര്‍ ഉണ്ടെന്നിരിക്കെ, ബസ്സുകളില്‍ കുറെയെണ്ണത്തിലെങ്കിലും ഗുണ്ടകളുടെ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മറ്റു യാത്രക്കാരുടെ മുമ്പില്‍ വച്ച് അപമാനിക്കുക. ബസ്സില്‍ നിന്ന് ഇറക്കി വിടുക, അസഭ്യം പറയുക തുടങ്ങി നിരവധി പീഡനങ്ങള്‍ എന്റെ മകളടക്കമുള്ള കുഞ്ഞുങ്ങള്‍ നേരിടുന്നുണ്ട്. മുഴുവന്‍ ചാര്‍ജോ, അതില്‍ പകുതിയോ ദിവസവും കൊടുത്ത് പോയി. വരാന്‍ നിവൃത്തിയുള്ള കുട്ടികളല്ല എന്റെ മകളടക്കമുള്ള പല കുട്ടികളുമെന്ന് അന്വേഷണത്തില്‍ താങ്കള്‍ക്ക് ബോധ്യപ്പെടുന്നതാണ്.

മാന്യമായി വിദ്യാഭ്യാസം നേടാന്‍ ധനികനും ദരിദ്രനും ഒരു പോലെ അവകാശമുണ്ടെന്നിരിക്കെ ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. കഷ്ടപ്പെട്ട് പഠിച്ച്ഉന്നതിയിലെത്തിയ താങ്കള്‍ക്ക് ഒരു പിതാവിന്റെ സംഘര്‍ഷവും ഒരു വിദ്യാര്‍ത്ഥിയുടെ വേദനയും പൂര്‍ണമായി മനസ്സിലാകുമെന്ന് വിശ്വാസമുണ്ട്.

ഈ വിഷയത്തില്‍ നീതിപൂര്‍വ്വമായി ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്‌നേഹ ബഹുമാനങ്ങളോടെ

പി.എസ്. റഫീഖ് ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് സഹായിക്കണമെന്ന് എല്ലാവരോടും അപേക്ഷ'

Tags:    

Similar News