ഇന്ത്യക്കായി പന്ത് തട്ടാൻ ഓസ്ട്രേലിയൻ വിങ്ങർ റയാൻ വില്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും; വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ
ന്യൂഡൽഹി: വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരായ പ്രതിഭകളെ ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള ചരിത്രപരമായ നീക്കവുമായി അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ. ഓസ്ട്രേലിയൻ വിങ്ങർ റയാൻ വില്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും ഇന്ത്യൻ ദേശീയ ഫുട്ബാൾ ക്യാമ്പിൽ ഇടം നേടി. ഐ.എസ്.എൽ ക്ലബ് ബംഗളൂരു എഫ്.സിയിലെ താരം കൂടിയായ റയാൻ വില്യംസ് അടുത്തിടെ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പെർത്തിൽ ജനിച്ച റയാൻ വില്യംസ്, ഓസീസ് അണ്ടർ 20, അണ്ടർ 23 ടീമുകൾക്കുവേണ്ടിയും സീനിയർ ടീമിനായി ഒരു മത്സരത്തിലും കളിച്ചിട്ടുണ്ട്. 2019ൽ ദക്ഷിണ കൊറിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് താരം ഓസീസ് സീനിയർ ടീമിനായി അരങ്ങേറിയത്. ഇന്ത്യൻ വംശജനായ വില്യംസ് 2023ലാണ് ബംഗളൂരു എഫ്.സിയിലെത്തിയത്. താരത്തിന്റെ മാതാവ് മുംബൈയിലെ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ ജനിച്ചയാളാണ്.
ഐ.എസ്.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വില്യംസ്, സഹതാരമായ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി വഴിയാണ് ദേശീയ ടീമിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഛേത്രി ഇക്കാര്യം എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചെങ്കിലും ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷന്റെ എൻ.ഒ.സി ലഭിച്ചാൽ മാത്രമേ നടപടികൾ പൂർത്തിയാകൂ.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡ് ഉടമകൾക്ക് ഇന്ത്യക്കുവേണ്ടി കളിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പരിഗണനയിലുള്ള ബിൽ പാർലമെന്റ് പാസാകേണ്ടതുണ്ട്. നേപ്പാൾ താരമായ അബ്നീത് ഭാർതി അണ്ടർ 16 തലത്തിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. നിലവിൽ ചെക്ക് ക്ലബായ എഫ്.കെ വാൺസ്ഡോർഫിൽനിന്ന് ലോണിൽ ബൊളീവിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ അക്കാദമിയ ഡെൽ ബാലെംപെയ്ക്കായാണ് താരം കളിക്കുന്നത്.