സമ്മർദ്ദം ചെലുത്തി അനുസരിപ്പിക്കാൻ നോക്കണ്ട; ഇന്ത്യയില്‍ കളിക്കാൻ താല്പര്യമില്ലാത്തതിൽ രാഷ്ട്രീയമില്ല; നിലപാടില്‍ മാറ്റമില്ലെന്നും ബംഗ്ലാദേശ്
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കുന്ന കാര്യത്തിൽ ഐസിസി നൽകിയ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയിൽ കളിക്കാത്തതെന്നും രാഷ്ട്രീയപരമായ കാരണങ്ങളാലല്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയ ഉപദേശകൻ ആസിഫ് നസ്‌റുൾ വ്യക്തമാക്കി. 21-ാം തീയതിക്ക് മുൻപ് മറുപടി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ കളിപ്പിക്കുമെന്ന ഐസിസി നിലപാടും നസ്‌റുൾ തള്ളി.
ബിസിസിഐക്ക് വഴങ്ങി ഐസിസി തങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്താനും അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ അതൊരിക്കലും അംഗീകരിക്കില്ലെന്ന് നസ്‌റുൾ മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബിസിബി) ഈ നിലപാടിനോട് യോജിക്കുന്നുണ്ട്. അംഗീകരിക്കാൻ കഴിയാത്ത വ്യവസ്ഥകളുടെ പേരിലോ അനാവശ്യ സമ്മർദ്ദമോ ചെലുത്തി ബംഗ്ലാദേശിനെ അനുസരിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കോട്ട്‌ലൻഡിനെ പകരക്കാരായി കളിപ്പിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും കേട്ടിട്ടില്ലെന്നും നസ്‌റുൾ അറിയിച്ചു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഐപിഎൽ 2026 ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടുവരികയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ പ്രധാന ആവശ്യം.
നിലവിൽ ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച്, കൊൽക്കത്തയിൽ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കേണ്ടതുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം നിശ്ചയിച്ചിരിക്കുന്നത്.
