ഐപിഎല്ലില്‍ ബാറ്റ് പരിശോധന നടപടികള്‍ കര്‍ശനമാക്കുന്നു; ബാറ്റളവില്‍ മാറ്റം കണ്ടെത്തി; റസല്‍, നരെയ്ന്‍, നോര്‍ക്യെ എന്നിവരുടെ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ച് അംപയര്‍

Update: 2025-04-16 10:23 GMT

ചണ്ഡീഗഢ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പുതിയ ബാറ്റ് പരിശോധനാ നടപടികള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്ന് താരങ്ങള്‍ക്ക് തിരിച്ചടിയായി. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ആന്റിച്ച് നോര്‍ക്യെ എന്നീ ബാറ്റര്‍മാര്‍ നിയമപരമായ അളവുകള്‍ ലംഘിച്ച ബാറ്റുകളുമായി എത്തിയതോടെ ബാറ്റ് മാറ്റാന്‍ അംപയര്‍ നിര്‍ദ്ദേശിച്ചു.

പഞ്ചാബ് കിംഗ്‌സിനെതിരേ ചണ്ഡീഗഢില്‍ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ 16 റണ്‍സിന്റെ ജയം സ്വന്തമാക്കി പഞ്ചാബ്. എന്നാല്‍ മത്സരത്തിന് പിന്നാലെ പുറത്ത് വന്ന ബാറ്റ് പരിശോധന വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്.

ഐപിഎല്ലിന്റെ പുതിയ നിയമപ്രകാരം, താരങ്ങള്‍ ക്രീസിലിറങ്ങുന്നതിന് മുമ്പ് തങ്ങളുടെ ബാറ്റ് നിര്‍ബന്ധമായും ത്രികോണാകൃതിയിലുള്ള ഗേജിലൂടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അധിക ശക്തിയും ആനുകൂല്യവുമുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി.

11-ാം ഓവറില്‍ റസല്‍ ബാറ്റിങ്ങിന് എത്തിയപ്പോള്‍ അമ്പയര്‍ നടത്തിയ ഗേജ് പരിശോധനയില്‍ ബാറ്റ് പരാജയപ്പെട്ടതോടെയാണ് മാറ്റം നിര്‍ബന്ധമായത്. ഓപ്പണറായ നരെയ്‌ന് പരിശോധനയില്‍ വെട്ടിയതോടെ ബാറ്റ് മാറ്റേണ്ടിവന്നു. 15-ാം ഓവറില്‍ നോര്‍ക്യെയുടെ ബാറ്റും അളവുകടന്നതോടെ അദ്ദേഹവും മാറ്റത്തിന് വിധേയനായി. ആ സമയത്ത് റഹ്‌മാനുള്ള ഗുര്‍ബാസ് അദ്ദേഹത്തിന് പുതിയ ബാറ്റ് എത്തിച്ചെങ്കിലും പിന്നീട് റസല്‍ പുറത്തായതിനാല്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഐപിഎല്‍ മാനേജ്മെന്റ് കടുപ്പിച്ച പുതിയ നിയമങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ സംഭവം മറ്റ് ടീമുകള്‍ക്കും മുന്നറിയിപ്പായി മാറിയിരിക്കുകയാണ്.

Tags:    

Similar News