ഐപിഎല്‍ 2025: 13 വേദിയിലും ഉദ്ഘാടന ചടങ്ങുകള്‍; മാറ്റ് കൂട്ടാന്‍ ബോളിവുഡ് താരങ്ങളും ഗായകരും; ഇത്തവണ ഐപിഎല്‍ കൂടുതല്‍ കളറാക്കാന്‍ ബിസിസിഐ

Update: 2025-03-20 09:17 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനെട്ടാം സീസണ്‍ ശനിയാഴ്ച (മാര്‍ച്ച് 22) കൊല്‍ക്കത്തയില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ഐപിഎല്‍ 2025 സീസണ്‍ ഉദ്ഘാടനത്തിന് മുന്നോടിയായി, ഐപിഎല്ലിന്റെ 18 വര്‍ഷം ആഘോഷിക്കുന്നതിനായി, ഈ വര്‍ഷം 13 വേദികളിലും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ നടത്താനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ).

കൊല്‍ക്കത്തയിലെ മെഗാ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ഗായകരും എല്ലാം ഭാഗമാകും. ഇതിന് പുറമെയാണ് മറ്റ് വേദികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാന്‍ ബിസിസിഐ തീരുമാനം. ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പഠാണി, പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്ല, അര്‍ജിത് സിംഗ് എന്നിവരെല്ലാം 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാനെത്തും. ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും പങ്കെടുക്കും. മറ്റ് 12 വേദികള്‍ക്കായി പല കലാകാരന്മാരുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാകുക. ഉദ്ഘാടന ചടങ്ങും തത്സമയ സംപ്രേക്ഷണമുണ്ടാകും. മാര്‍ച്ച് 22 മുതല്‍ മെയ് 25 വരെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജയ്പൂര്‍, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ധര്‍മ്മശാല, ഗുവാഹത്തി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഐപിഎല്‍ 2025 മത്സരങ്ങള്‍ നടക്കുക.

Tags:    

Similar News