ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി; മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്‍

മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്‍

Update: 2025-07-22 09:39 GMT

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയുടേയും അഫ്ഗാനിസ്ഥാന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ രംഗത്ത് വന്നു. ഈ മാസം 24-25 തീയതികളിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷതയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ധാക്കയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. സെപ്തംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കേണ്ട യോഗം ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ധാക്കയില്‍ നടത്താനായിരുന്നു മൊഹ്‌സിന്‍ നഖ്വിയുടെ നീക്കം.

ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം. അതുപോലെ അസോസിയേറ്റ് രാജ്യങ്ങളിലെ 10 അംഗങ്ങളും യോഗത്തിനുണ്ടാവണം. ഇന്ത്യക്ക് പിന്തുണ അറിയിച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ മൂന്ന് ടെസ്റ്റ് രാജ്യങ്ങളെന്ന ക്വാറം തികയ്ക്കാനാവില്ല.

അസോസിയേറ്റ് രാജ്യങ്ങളില്‍ എത്ര രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല.ഈ സാഹചര്യത്തില്‍ യോഗം നടക്കുമോ എന്ന കാര്യം സംശയമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെക്കാന്‍ ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാസാക്കുന്ന ഒരു പ്രമേയവും അംഗീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പ് സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കാനാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ചേരുന്നത്. ഇന്ത്യയുടെ അസാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചാല്‍ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലാകും.

ധാക്കയില്‍ വച്ച് യോഗം നടന്നാല്‍ തങ്ങളുടെ സാന്നിധ്യമില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റ് ബിസിസിഐയുടെ ബഹിഷ്‌കരണത്താല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ശ്രീലങ്കയിലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ടൂര്‍ണമെന്റിലെ നിലവിലെ ജേതാവാണ് ഇന്ത്യ. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് കൗണ്‍സില്‍ യോഗത്തിന്റെയും ഏഷ്യാ കപ്പിന്റെയും വേദി മാറുമെന്നാണ് സൂചന.

സെപ്തംബര്‍ അഞ്ചു മുതല്‍ 21വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ധാക്കയില്‍ തന്നെ യോഗം നടത്തണമെന്നത് എസിസിയുടെ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ അനാവശ്യ പിടിവാശിയാണെന്നും, കൗണ്‍സില്‍യോഗം ധാക്കയില്‍ നിന്നും മാറ്റിയല്‍ മാത്രമേ ഏഷ്യാകപ്പ് നടക്കുകയുള്ളുവെന്നും ബിസിസിഐ വ്യക്തമാക്കി.

Tags:    

Similar News