കൂറ്റനടികൾക്ക് പേരുകേട്ട ഇടംകയ്യൻ വിൻഡീസ് താരം; ടീമിലെത്തിച്ചത് പൊള്ളാർഡിന്റെ പകരക്കാരനായി; ഷെർഫെയ്ൻ റുതർഫോർഡ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ഫിനിഷർ?
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് സീസണുകളായി മുംബൈ ഇന്ത്യൻസിനെ അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നം, വിൻഡീസ് താരം കീറോൺ പൊള്ളാർഡിന് പകരക്കാരനെ കണ്ടെത്താൻ കഴിയാത്തതായിരുന്നു. ഒരു മികച്ച ഫിനിഷറുടെ അഭാവം ടീമിനെ പലപ്പോഴും പിന്നോട്ടടിച്ചിരുന്നു. ഈ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ് ഇത്തവണ ഷെർഫെയ്ൻ റുതർഫോർഡിനെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.
2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് വിൻഡീസ് താരമായ റുതർഫോർഡിനെ മുംബൈ ടീമിലെത്തിച്ചത്. 2020ൽ മുംബൈ കിരീടം നേടിയപ്പോൾ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അന്ന് അവസരം ലഭിച്ചില്ല. പിന്നീട് ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഗുജറാത്ത് ടൈറ്റൻസിനൊപ്പമുള്ള കഴിഞ്ഞ സീസണിൽ റുതർഫോർഡ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 11 ഇന്നിങ്സുകളിൽ നിന്ന് 291 റൺസ് നേടിയ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 160നടുത്ത് വരും.
ഫിനിഷർ എന്ന റോളിൽ മാത്രമല്ല, മധ്യനിരയിലും തിളങ്ങാൻ റുതർഫോർഡിന് കഴിവുണ്ട്. കഴിഞ്ഞ സീസണിൽ മുംബൈയുടെ മധ്യനിരയ്ക്ക് ശേഷം ശക്തമായ പിന്തുണ നൽകാൻ ഒരാൾ ഇല്ലാതിരുന്ന അവസ്ഥയിൽ റുതർഫോർഡിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാകും. ബൗളിങ് നിരയിലെ പോരായ്മകൾ പരിഹരിക്കാൻ ലോകോത്തര താരങ്ങളെ എത്തിച്ച മുംബൈക്ക്, റുതർഫോർഡിന്റെ വരവോടെ ബാറ്റിങ് നിരയിലെ ഫിനിഷിങ് പ്രശ്നത്തിനും പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.