ഷമ്മി കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഓസീസ്; വരുണിനും ജഡേജയ്ക്കും മുമ്പില്‍ വട്ടം കറങ്ങിയ കീവീസ് ബാറ്റര്‍മാര്‍; വീണ്ടും ഫീല്‍ഡില്‍ രോഹിത്തിന്റേയും കൂട്ടുരുടേയും ഓള്‍റൗണ്ട് മികവ്; ടോസ് കിട്ടിയിട്ടും കൂറ്റന്‍ സ്‌കോറില്ല; ബൗളിംഗ് ചെയ്ഞ്ചുകള്‍ കംഗാരുക്കളെ തകര്‍ത്തു; ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്ക് ജയലക്ഷ്യം 265
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 264ന് പുറത്ത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും, ഏലസ് ക്യാരിയുടെയും ചെറുത് നില്‍പ്പാണ് ഓസ്ട്രേലിയക്ക് പൊരുതാവുന്ന ടോട്ടല്‍ നല്‍കിയത്. അതായത് 265 റണ്‍സ് നേടിയാല്‍ ഇന്ത്യ ഫൈനലിലെത്തും.
ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡ് അടിച്ചു കളിച്ചെങ്കിലും അധിക നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 33 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സാണ് ഓസ്ട്രേലിയയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും, വരുണ്‍ ചക്രവര്‍ത്തി രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും, അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഫോമിലായിരുന്നു ഷമി. പത്ത് ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റ് എടുത്തത്. വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നിലും ഓസീസ് താരങ്ങള്‍ പ്രതിസന്ധിയിലായി.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ട്രാവിസ് ഹെഡ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് മികച്ച സാമാന്യം സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം ഹെഡും മാര്‍നസ് ലബുഷെയ്നിനും അലക്സ് കാരിക്കുമൊപ്പം സ്റ്റീവ് സ്മിത്തും പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഓസീസിന് നിര്‍ണായകമായി. 96 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.
മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് മുഹമ്മദ് ഷമി പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിനെ അക്ഷര്‍ പട്ടേലും കൂടാരത്തിലെത്തിച്ചു. 5 പന്തില്‍ നിന്നും 7 റണ്‍സാണ് മാക്‌സ്വെല്ലിന് നേടാനായത്. ഇതാണ് 300 കടക്കുന്നതില്‍ നിന്നും ഓസ്‌ട്രേലിയയെ തടഞ്ഞത്. നേരത്തേ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്. ബൗളര്‍മാര്‍ കടമ നിര്‍വ്വഹിച്ചതു കൊണ്ട് തന്നെ ബാറ്റര്‍മാര്‍ ഫോം വീണ്ടെടുത്താല്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയും.
ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഓസീസ് രണ്ടുമാറ്റങ്ങളോടെയാണ് കളിക്കുന്നത്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ നാലു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ മുന്‍നിര ബാറ്റര്‍ മാത്യു ഷോര്‍ട്ടിനു പകരംസ്പിന്‍ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കൊന്നോലിയും സ്‌പെന്‍സര്‍ ജോണ്‍സണിന് പകരം തന്‍വീര്‍ സാംഗയും ഓസീസ് ടീമിലിടം നേടി.