ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിൽ തന്നെ; സഞ്ജു മഞ്ഞപ്പടയുടെ ഓപ്പണറാകും; ട്രേഡിങ് നിരസിച്ച് പതിരാനയെ ഒഴിവാക്കിയത് കുറഞ്ഞ തുകയ്ക്ക് വീണ്ടും ടീമിലെത്തിക്കാൻ; മധ്യനിരയിൽ ഏതു വിദേശ താരത്തെ ടീമിലെത്തിക്കും?; അറിയാം ചെന്നൈയുടെ പ്ലാനുകൾ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ.) അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ.) തങ്ങളുടെ ടീമിൽ വൻ അഴിച്ചുപണിക്ക് തുടക്കമിട്ടിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസിന് കൈമാറ്റം ചെയ്യുകയും, പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ ടീമിലെത്തിക്കുകയും ചെയ്തതാണ് ഏറ്റവും വലിയ വാർത്ത. 18 കോടിക്കാണ് സഞ്ജു സാംസൺ മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്.
സഞ്ജു സാംസൺ സി.എസ്.കെ.യിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. എം.എസ്. ധോണിയുടെ പിൻഗാമിയായും ഭാവി ക്യാപ്റ്റനായും വരെ വിലയിരുത്തപ്പെടുന്ന സഞ്ജുവിനെ ഏത് സ്ഥാനത്ത് കളിപ്പിക്കണം എന്നതിലാണ് ആരാധകർക്കും മുൻ താരങ്ങൾക്കുമിടയിൽ അഭിപ്രായ വ്യത്യാസമുള്ളത്.
മുൻ സി.എസ്.കെ. താരമായ റോബിൻ ഉത്തപ്പ ഉൾപ്പെടെയുള്ളവർ സഞ്ജു സാംസൺ ഓപ്പണറായി തന്നെ കളിക്കണമെന്ന് ശക്തമായി വാദിക്കുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ദേശീയ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ടോപ്പ് ഓർഡറിൽ കളിക്കേണ്ടത് അനിവാര്യമാണ്. മധ്യനിരയിൽ കളിച്ചാൽ അത് താരത്തിന് തിരിച്ചടിയാകുമെന്നും ഉത്തപ്പ വിലയിരുത്തുന്നു.
നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്ന റിപ്പോർട്ടുകളും സഞ്ജുവിന്റെ ഓപ്പണിംഗ് സാധ്യത വർദ്ധിപ്പിക്കുന്നു. മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയും സഞ്ജുവിനെ ഒരു ടോപ് ഓർഡർ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന നിലയിൽ സി.എസ്.കെ.ക്ക് ലഭിച്ച വലിയ മുതൽക്കൂട്ട് എന്നാണ് വിശേഷിപ്പിച്ചത്. ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര തുടങ്ങിയ വിദേശ ഓപ്പണർമാരെ ഒഴിവാക്കിയ സാഹചര്യത്തിൽ, റുതുരാജിനൊപ്പം സഞ്ജു ഓപ്പണറായേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
സഞ്ജുവിന്റെ ട്രേഡ് ഉറപ്പിച്ചതിന് പുറമെ, ടീമിലെ പ്രധാന താരങ്ങളെ ഒഴിവാക്കിയതോടെ ഡിസംബർ 16-ന് അബുദാബിയിൽ നടക്കുന്ന മിനി ലേലത്തിൽ ചെന്നൈ വളരെ സജീവമായി ഉണ്ടാകും. ജഡേജയ്ക്കും സാം കറനും പുറമെ മതീഷ പതിരാന, ഡെവോൺ കോൺവേ, ദീപക് ഹൂഡ തുടങ്ങിയവരെയും ചെന്നൈ ഒഴിവാക്കിയിരുന്നു.
നിലവിൽ 43.4 കോടിയാണ് സി.എസ്.കെ.യുടെ പക്കലുള്ള ലേലത്തുക. ഈ പണം ഉപയോഗിച്ച് മധ്യനിരയിലെ പവർ ഹിറ്റർമാരെയും ഡെത്ത് ഓവർ ബൗളർമാരെയും ഓൾറൗണ്ടർമാരെയും ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
ചെന്നൈ പ്രധാനമായും ലക്ഷ്യമിടുന്ന ചില താരങ്ങൾ ഇവരാണ്:
കാമറൂൺ ഗ്രീൻ: ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ ഗ്രീൻ ബാറ്റിംഗിലും പേസ് ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ളയാളാണ്. ജഡേജയുടെയും കറന്റെയും ഒഴിവ് നികത്താൻ ഗ്രീൻ അനുയോജ്യനായ ഓപ്ഷനാണ്.
ഗ്ലെൻ മാക്‌സ്‌വെൽ: പഞ്ചാബ് കിംഗ്‌സ് ഒഴിവാക്കിയ മാക്‌സ്‌വെൽ മധ്യനിരയിൽ അതിവേഗം റൺസ് നേടാൻ കഴിവുള്ള താരമാണ്. ഓഫ് സ്പിൻ കൂടി ചെയ്യുന്നതിനാൽ ചെന്നൈക്ക് താരത്തിനെ ആവശ്യമുണ്ട്. മാത്രമല്ല സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിൽ മാക്‌സ്‌വെൽ മികച്ചൊരു ബൗളിംഗ് ഓപ്‌ഷൻ കൂടിയാണ്.
ആന്ദ്രേ റസ്സൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ വെടിക്കെട്ട് താരം റസ്സലിനെ സി.എസ്.കെ ടീമിലെത്തിക്കാൻ സാധ്യതയുണ്ട്. കൂറ്റനടികൾക്ക് പേര് കേട്ട താരത്തെ ഫിനിഷർ റോളിൽ ടീമിലെത്തിക്കാൻ സി.എസ്.കെ മാനേജ്‌മെന്റ് മുതിർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലിയാം ലിവിംഗ്സ്റ്റൺ: ആർ.സി.ബി. വിട്ടയച്ച ലിവിംഗ്സ്റ്റൺ ഒരു ഹാർഡ് ഹിറ്റിംഗ് ഓൾറൗണ്ടറാണ്. ഫിനിഷിംഗ് റോളിൽ താരത്തിന് തിളങ്ങാനാകും. മാത്രമല്ല ഒരു സ്പിൻ ബൗളിങ് ഓപ്‌ഷൻ കൂടിയാണ് താരം.
വെങ്കിടേഷ് അയ്യർ: ഇന്ത്യൻ മധ്യനിര താരമായ വെങ്കിടേഷ് അയ്യരെയും സി.എസ്.കെ ലേലത്തിൽ നോട്ടമിടാൻ സാധ്യതയുണ്ട്. സ്വീപ്പും റിവേഴ്‌സ് സ്വീപ്പും നന്നായി കളിക്കാൻ കഴിയുന്ന ഈ ഇടംകയ്യൻ ബാറ്റർ ടീമിന് മുതൽകൂട്ടാവുമെന്നാണ് കണക്ക് കൂട്ടൽ.
രവി ബിഷ്‌ണോയി: രവീന്ദ്ര ജഡേജയും, ആർ അശ്വിനും ടീം വിട്ടതോടെ ചെന്നൈയുടെ സ്പിൻ ബൗളിംഗ് നിര ദുർബലമാണ്. അതിനാൽ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനൊപ്പം പന്തെറിയാൻ ഒരു ഇന്ത്യൻ സ്പിന്നറെ ടീം ലേലത്തിൽ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി ആവും ചെന്നൈയുടെ റഡാറിലുള്ളത്.
അതേസമയം മെഗാ താര ലേലത്തിൽ വലിയ തുക മുടക്കി നിലനിർത്തിയ ലങ്കൻ ഫാസ്റ് ബൗളർ മതീഷ പാതിരാനയെ ടീം ഒഴിവാക്കിയിരുന്നു. ട്രേഡിങ് നിരസിച്ചാണ് ചെന്നൈ താരത്തെ ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകൾ ശരിയാണെങ്കിൽ ലേലത്തിൽ പതിരാനയെ വീണ്ടും ചെന്നൈ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും ഉറപ്പാണ്.
സഞ്ജു സാംസണെ സ്വന്തമാക്കിയതിലൂടെ ടോപ്പ് ഓർഡറിന് ശക്തിപകർന്ന സി.എസ്.കെ. ഇനി ലേലത്തിൽ ഓൾറൗണ്ടർമാരെയും ഫിനിഷർമാരെയും കണ്ടെത്തി പുതിയ സീസണിൽ തങ്ങളുടെ കിരീട മോഹം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ്.
