15 പന്തില്‍ 39 റണ്‍സുമായി ലക്നൗവിനെ വിറപ്പിച്ച് വിപ്രജ്; ഇംപാക്ട് പ്ലെയറായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയുമായി പട നയിച്ച് അശുതോഷ് ശര്‍മ്മയും; ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ഡല്‍ഹി; തകര്‍ച്ചയില്‍ നിന്നും കരകയറിയ ഡല്‍ഹിയുടെ വിജയം 1 വിക്കറ്റിന്

ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശോജ്വല ജയം

Update: 2025-03-24 18:19 GMT

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശോജ്വല ജയം. എട്ടാമനായി ഇറങ്ങി 15 പന്തില്‍ 39 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ വിപ്രജ് നിഗത്തിന്റെയും ഇംപാക്ട് പ്ലെയറായി എത്തി 31 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ശരിക്കും ഇമ്പാക്ട് ഉണ്ടാക്കിയ അശുതോഷ് ശര്‍മ്മയുടെയും കരുത്തിലാണ് ലക്നൗവിനെതിരെ ഡല്‍ഹി ജയിച്ചുകയറിയത്. 15 പന്തില്‍ രണ്ട് സിക്സും 5 ഫോറും ഉള്‍പ്പടെയായിരുന്നു വിപ്രജിന്റെ ഇന്നിങ്ങ്സ്.5 വീതം സിക്സും ഫോറും ഉള്‍പ്പടെയാണ് അശുതോഷ് 66 റണ്‍സെടുത്തത്.മൂന്നു പന്തും ഒരു വിക്കറ്റും ബാക്കിയാക്കിയാണ് ഡല്‍ഹി വിജയത്തിലെത്തിയത്.

ഒരുഘട്ടത്തില്‍ പരാജയത്തെ മുന്നില്‍ കണ്ടിടത്തു നിന്നാണ് ഡല്‍ഹി അവിശ്വസനീയ ജയം നേടിയത്.210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തില്‍ 2 റണ്‍സിന് 2 വിക്കറ്റും ഏഴു റണ്‍സ് എടുക്കുമ്പോഴേക്ക് മൂന്ന് വിക്കറ്റും നഷ്ടമെന്ന നിലയില്‍ നിന്നാണ്, അശുതോഷിന്റെ നേതൃത്വത്തില്‍ ഡല്‍ഹി തിരിച്ചടിച്ചത്.ഏഴാം വിക്കറ്റില്‍ അശുതോഷ് വിപ്രാജ് സഖ്യം 22 പന്തില്‍ അടിച്ചുകൂട്ടിയ 55 റണ്‍സ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായി.ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലായിരുന്നു. വിപ്രജിന് ഒരു വിക്കറ്റുമുണ്ട്.

ഓപ്പണര്‍ ഫാഫ് ഡുപ്ലെസിസ് (29), അക്ഷര്‍ പട്ടേല്‍ (22), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (34), അശുതോഷ് ശര്‍മ (31) എന്നിവര്‍ രണ്ടക്കം കടന്നു.

ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് (1), വിക്കറ്റ് കീപ്പര്‍ അഭിഷേക് പൊരല്‍ (0), സമീര്‍ റിസ്വി (4) എന്നിവര്‍ നിരാശപ്പെടുത്തി. ലഖ്‌നൗവിനായി ഷാര്‍ദൂല്‍ ഠാക്കൂര്‍, എം. സിദ്ദാര്‍ഥ്, ദിഗ്വേഷ് രതി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. രവി ബിഷ്‌ണോയ്ക്ക് ഒരു വിക്കറ്റ്.

നേരത്തെ തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹിക്കെതിരെ ഉയര്‍ത്തിയത് 210 റണ്‍സ് വിജയലക്ഷ്യമായിരുന്നു.ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സ് നേടിയ ആദ്യ പത്തോവര്‍. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും 92 റണ്‍സ് മാത്രം നേടുകയും ചെയ്ത ശേഷിച്ച പത്തോവറുകള്‍.ഇങ്ങനെ ചുരുക്കാം ലക്നൗവിന്റെ ബാറ്റിങ്ങിനെ.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്.നിക്കൊളാസ് പുരാന്‍ (75), ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (72) എന്നിവരുടെ പ്രകടനമാണ് ലക്നൗവിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം വിക്കറ്റില്‍ 42 പന്തില്‍നിന്ന് 87 റണ്‍സ് അടിച്ചെടുത്ത മിച്ചല്‍ മാര്‍ഷ് നിക്കൊളാസ് പുരാന്‍ സഖ്യമാണ് ലക്നൗ ഇന്നിങ്സിന് അടിത്തറയിട്ടത്.ഓപ്പണിങ് വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രം മിച്ചല്‍ മാര്‍ഷ് സഖ്യം 20 പന്തില്‍നിന്ന് 46 റണ്‍സ് അടിച്ചുകൂട്ടിയതും നിര്‍ണായകമായി.മര്‍ക്രം 13 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 15 റണ്‍സെടുത്ത് പുറത്തായി.30 പന്തില്‍ 75 റണ്‍സാണ് പുരാന്റെ സമ്പാദ്യം. ഇതില്‍ ഏഴ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു.

36 പന്തുകള്‍ നേരിട്ട് 72 റണ്‍സ് നേടിയ മാര്‍ഷ്, ആറുവീതം സിക്‌സും ഫോറും അകമ്പടി ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 പന്തില്‍ 87 റണ്‍സാണ് നേടിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ (13 പന്തില്‍ 15 റണ്‍സ്) ആദ്യം നഷ്ടമായി. അരങ്ങേറ്റ താരം വിപ്രജ് നിഗം എറിഞ്ഞ അഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് മാര്‍ക്രം മടങ്ങിയത്.

തകര്‍പ്പനടികളോടെ ലഖ്‌നൗവിനെ മികച്ച നിലയിലെത്തിച്ച മാര്‍ഷ് മുകേഷ് കുമാര്‍ എറിഞ്ഞ 12-ാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ഋഷഭ് പന്ത് പൂജ്യത്തിന് പുറത്തായി. ആറു പന്തുകള്‍ താരം നേരിട്ടു. സ്റ്റാര്‍ക്കിനു മുന്നില്‍ പുരാനും വീണതോടെ ഡല്‍ഹിയുടെ ആക്രമണവീര്യം ചോര്‍ന്നു.

ആയുഷ് ബദോനി (4), രവി ബിഷ്ണോയ് (0), ഷഹബാസ് അഹ്‌മദ് (9) എന്നിവര്‍ക്കൂടി പിന്നീട് പുറത്തായി. ഷാര്‍ദൂല്‍ ഠാക്കൂര്‍ റണ്ണൌട്ടായും മടങ്ങി. ഡല്‍ഹിക്കായി സ്റ്റാര്‍ക്ക് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ നേടി. വിപ്രജ് നിഗം, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

നേരത്തേ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ റെക്കോഡ് വിലയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. ലഖ്‌നൗ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ഡല്‍ഹി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ കെഎല്‍ രാഹുലില്ലാതെയാണ് ഡല്‍ഹി ഇന്നിറങ്ങിയത്. പകരം അഭിഷേക് പൊരല്‍ ആണ് വിക്കറ്റ് കീപ്പര്‍.കുഞ്ഞുപിറന്നതു പ്രമാണിച്ച് രാഹുലിന് മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ബൌളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Similar News