'സർഫറാസ് ഒരിക്കലും ചതിക്കില്ല'; അണ്ടർ 19 ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ മുൻ നായകനെ ടി20 ലോകകപ്പ് ഉപദേശകനാക്കാൻ ആരാധകരുടെ ആവശ്യം; വൈറലായി വീഡിയോ
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് പാക്കിസ്ഥാൻ കിരീടം ചൂടിയതിന് പിന്നാലെ, മുൻ സീനിയർ ടീം ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ പുകഴ്ത്തി ആരാധകർ. നിലവിൽ അണ്ടർ 19 ടീമിൻ്റെ മെന്ററായി സേവനമനുഷ്ഠിക്കുന്ന സർഫറാസിനെ 2026-ലെ ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ സീനിയർ ടീമിൻ്റെ മെന്ററായി നിയമിക്കണമെന്ന് ആരാധകർ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയോട് ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ 191 റൺസിൻ്റെ കൂറ്റൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ടൂർണമെൻ്റിലുടനീളം മികച്ച ഫോമിലായിരുന്ന ഇന്ത്യയെ ഫൈനലിൽ പാക്കിസ്ഥാൻ നിഷ്പ്രഭമാക്കി. ഇതിന് പിന്നിൽ ടീമിൻ്റെ മെന്ററായ സർഫറാസ് അഹമ്മദിൻ്റെ തന്ത്രങ്ങളാണെന്നാണ് ആരാധകരുടെ പക്ഷം. 2017-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തകർത്ത് കിരീടം നേടിയ പാക്കിസ്ഥാൻ ടീമിൻ്റെ നായകനും സർഫറാസ് ആയിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, പാക്കിസ്ഥാൻ്റെ വിജയത്തിൽ ആവേശഭരിതനായ ഒരു ആരാധകൻ പിസിബി ചെയർമാനോട് സർഫറാസിനെ സീനിയർ ടീമിൻ്റെ മെന്ററാക്കാൻ അഭ്യർത്ഥിക്കുന്നത് കാണാം. "സർഫറാസ് ഒരിക്കലും ചതിക്കില്ല (Sarfaraz kabhi dhoka nhi deta)" എന്ന് അദ്ദേഹം തമാശരൂപേണ പറയുന്നതും വീഡിയോയിലുണ്ട്. 2004-ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച പാക് ടീമിൻ്റെ നായകനും സർഫറാസ് ആയിരുന്നു എന്നത് അദ്ദേഹത്തിൻ്റെ 'ഇന്ത്യൻ വിരുദ്ധ' റെക്കോർഡിന് അടിവരയിടുന്നു.
𝗦𝗮𝗿𝗳𝗮𝗿𝗮𝘇 𝗮𝘀 𝗠𝗲𝗻𝘁𝗼𝗿 𝗳𝗼𝗿 𝗧𝟮𝟬 𝗪𝗖?
— Pakistan Cricket Team USA FC (@DoctorofCricket) December 21, 2025
A Diehard Saifi Bhai's Fan Requested Mohsin Naqvi make Sarfaraz Mentor for T20 World Cup. pic.twitter.com/t0R01nV4cr
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സമീർ മിൻഹാസിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ (172 റൺസ്) കരുത്തിൽ 347 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 156 റൺസിന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റെങ്കിലും ഫൈനലിൽ മാനസികമായി ടീമിനെ കരുത്തുറ്റതാക്കാൻ സർഫറാസ് അഹമ്മദിനും സപ്പോർട്ട് സ്റ്റാഫിനും സാധിച്ചുവെന്ന് പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫ് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ സർഫറാസിൻ്റെ സാന്നിധ്യം പാകിസ്ഥാൻ ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പിസിബി ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
