'കരിയറിൽ കണ്ട ഏറ്റവും മികച്ച മനുഷ്യനും, മെൻററുമാണ് ഗംഭീർ'; വിമർശിക്കുന്നത് 140 കോടി ജനങ്ങളിൽ ഇരുപതോ മുപ്പതോ ലക്ഷം പേർ മാത്രം; ഇന്ത്യൻ പരിശീലകനെ പിന്തുണച്ച് അഫ്ഗാനിസ്താൻ താരം
ഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വ്യാപക വിമർശനമുയരുന്നതിനിടെ ശക്തമായ പിന്തുണയുമായി അഫ്ഗാനിസ്താൻ താരം റഹ്മാനുല്ല ഗുർബാസ്. "കരിയറിൽ കണ്ട ഏറ്റവും മികച്ച മനുഷ്യനും പരിശീലകനും മെൻററുമാണ് ഗംഭീർ" എന്ന് വിശേഷിപ്പിച്ച ഗുർബാസ്, വിമർശകരുടെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞു. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇരുപതോ മുപ്പതോ ലക്ഷം പേർ മാത്രമാണ് ഗംഭീറിനെതിരെ നില്ക്കുന്നതെന്നും ബാക്കിയുള്ളവർ അദ്ദേഹത്തിനും ടീം ഇന്ത്യക്കുമൊപ്പമാണെന്നും ഗുർബാസ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ടീമിൽ ഗംഭീർ നിരന്തരം നടത്തുന്ന പരീക്ഷണങ്ങൾ, സ്വജനപക്ഷപാത ആരോപണങ്ങൾ, ഡ്രസ്സിങ് റൂമിലെ മോശം അന്തരീക്ഷം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഗംഭീറിനെതിരെ വിമർശനമുയരുന്നത്. സീനിയർ താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ബി.സി.സി.ഐ നേരിട്ട് ഇടപെടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നാട്ടിൽ അവസാനം കളിച്ച ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഗംഭീറിനെതിരായ പ്രതിഷേധം രൂക്ഷമായത്.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഗംഭീറിന്‍റെ മെൻറർഷിപ്പിന് കീഴിൽ കളിച്ച് 2024ൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്ന ഗുർബാസ്, ഗംഭീർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ചു. "ഒറ്റ പരമ്പരയിലെ തോൽവിയുടെ പേരിൽ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഏകദിന ചാമ്പ്യൻസ് ട്രോഫിയും ട്വൻ്റി20 ഏഷ്യ കപ്പും ഇന്ത്യ നേടിയത് അദ്ദേഹം പരിശീലകനായിരിക്കെയാണ്. നിരവധി പരമ്പരകളിൽ ടീം ജേതാക്കളായി," ഗുർബാസ് പറഞ്ഞു.
കെ.കെ.ആറിൽ ഗംഭീർ ഒരുക്കുന്ന മനോഹരമായ അന്തരീക്ഷത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കടുംപിടിത്തക്കാരനല്ലെങ്കിലും അച്ചടക്കത്തിന് ഗംഭീർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, ചില മത്സരങ്ങൾ തോൽക്കുന്നത് സ്വാഭാവികമാണെന്നും കളിക്കാരെ മനുഷ്യരായി പരിഗണിക്കണമെന്നും ഗുർബാസ് കൂട്ടിച്ചേർത്തു.
അതിനിടെ, ഏകദിന മത്സരങ്ങൾക്ക് മുമ്പായി രോഹിത് ശർമ്മയും വിരാട് കോലിയും ടീമിനൊപ്പം ചേർന്നതോടെ ഡ്രസ്സിങ് റൂം അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വന്നതായി ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗംഭീറും ഈ സീനിയർ താരങ്ങളും തമ്മിലുള്ള ബന്ധം വഷളായതായും ടീമിൽ ഐക്യം ഉറപ്പാക്കാൻ ബി.സി.സി.ഐ ഇടപെട്ടതായും സൂചനകളുണ്ട്.
