വെടിക്കെട്ട് തുടക്കമിട്ട് സഞ്ജുവും അഭിഷേകും; കത്തിക്കയറി ഹാര്‍ദിക്കും തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20യില്‍ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍

വെടിക്കെട്ട് തുടക്കമിട്ട് സഞ്ജുവും അഭിഷേകും; കത്തിക്കയറി ഹാര്‍ദിക്കും തിലകും

Update: 2025-12-19 15:55 GMT

അഹ്‌മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. തിലക് വര്‍മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു.

42 പന്തില്‍ ഒരു സിക്‌സും 10 ഫോറുമടക്കം 73 റണ്‍സെടുത്ത തിലകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് 25 പന്തില്‍ അഞ്ചു വീതം സിക്‌സും ഫോറുമടക്കം 63 റണ്‍സെടുത്തു. ഇന്ത്യക്കായി ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച തുടക്കം നല്‍കി. ഈ വെടിക്കെട്ട് തുടക്കം പിന്നാലെ വന്ന തിലകും ഹാര്‍ദികും മുതലാക്കുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 63 റണ്‍സാണ് അടിച്ചുകൂട്ടിയത്. 21 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേകിനെ കോര്‍ബിന്‍ ബോഷ് പുറത്താക്കി.

പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറുമടക്കം 37 റണ്‍സെടുത്തു. ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ ബൗള്‍ഡായാണ് താരം പുറത്തായത്. ഇന്ത്യന്‍ ടീമിന്‍ തനിക്ക് ചേരുന്ന റോള്‍ ഓപ്പണറുടേതാണെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്‌റെ ഇന്നിംഗ്‌സ്.

നായകന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തില്‍ അഞ്ചു റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ തിലകിന്റെയും ഹാര്‍ദിക്കിന്റെയും വെടിക്കെട്ടായിരുന്നു. നാലാം വിക്കിറ്റില്‍ 105 റണ്‍സാണ് ഇരുവരും നേടിയത്. മൂന്നു പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശര്‍മയും പുറത്താകാതെ നിന്നു.

പ്രോട്ടീസിനായി കോര്‍ബിന്‍ ബോഷ് രണ്ടും ഒട്ടിനില്‍ ബാര്‍ട്ട്മാന്‍, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയം തുടരാനായാല്‍ ഇന്ത്യക്ക് പരമ്പര 3-1ന് സ്വന്തമാക്കാം. സമനില പിടിക്കാന്‍ പ്രോട്ടീസിനും ജയം അനിവാര്യമാണ്.

പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു പകരമാണ് സഞ്ജു ടീമിലെത്തിയത്. പേസര്‍ ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും പുറത്തായി. ഒരു മാറ്റവുമായാണ് സന്ദര്‍ശകര്‍ കളിക്കാനിറങ്ങുന്നത്. ആന്റിച് നോര്‍യെക്കു പകരം ജോര്‍ജ് ലിന്‍ഡെ കളിക്കും. ലഖ്‌നോയിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ട് ടെസ്റ്റും ഏകപക്ഷീയമായി സന്ദര്‍ശകര്‍ നേടിയപ്പോള്‍ ഏകദിനത്തില്‍ 2-1നായിരുന്നു ആതിഥേയ വിജയം.

Tags:    

Similar News