ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന്‍ കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍

Update: 2025-12-20 09:08 GMT

മുംബൈ: ടി20 ലോകകപ്പിനും ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ഫോര്‍മാറ്റില്‍ ഫോമില്‍ അല്ലാത്ത വൈസ് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത. ഇന്ത്യ 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു എന്നതാണ് പ്രത്യേകത. ദക്ഷിണാഫ്രിക്കയ്‌ക്കെതിലെ ഓപ്പറണായി ഇറങ്ങി കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് സഞ്ജുവിന് ടീമില്‍ അവസരം ഉറപ്പിച്ചത്.

ഗില്ലിനെ ഒഴിവാക്കിയതോടെ അക്ഷര്‍ പട്ടേല്‍ വൈസ് ക്യാപ്ടനായി തിരിച്ചെത്തി. സഞ്ജു സാംസണെ വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിലേക്ക് പരിഗണിച്ചപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ കൊണ്ടുവന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന് തിരിച്ചുവരവിന് അവസരം നല്‍കിയത്. ഫിനിഷര്‍ റോളില്‍ മിന്നിച്ചിരുന്ന റിങ്കു സിങ്ങിനെ സൗത്താഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി20 ലോകകപ്പിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും പേസ് നിരയെ നയിക്കുമ്പോള്‍ നാല് സ്പിന്നര്‍മാര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന്റെ ഫോമാണ് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്. നായകനെന്ന നിലയില്‍ തിളങ്ങുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ സൂര്യകുമാറിനെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്നത് എടുത്തു പറയേണ്ടതാണ്.

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. നമീബിയ, നെതര്‍ലന്‍ഡ്‌സ്, പാകിസ്താന്‍, യുഎസ്എ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പു ഘട്ടത്തില്‍ പാകിസ്താനൊഴികെ മറ്റാരും ഇന്ത്യക്ക് ഭീഷണിയല്ല. നിലവിലെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് ചാമ്പ്യന്മാരാണ് ഇന്ത്യ. ഇതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നത്.

ഇന്ത്യക്ക് ടി20 ലോകകപ്പിന് മുമ്പ് ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയുമുണ്ട്. കിവീസിനെ തകര്‍ത്ത് ആത്മവിശ്വാസത്തോടെ ടി20 ലോകകപ്പിനിറങ്ങാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയുടെ ടീം കരുത്ത് ശക്തമായതിനാല്‍ മികവുള്ള പല താരങ്ങളും ഇപ്പോഴും പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ഏഷ്യയിലെ സാഹചര്യത്തില്‍ നടക്കുന്ന ടി20 ലോകകപ്പിന് സ്പിന്‍ കരുത്തുയര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ റോള്‍ ടി20 ലോകകപ്പില്‍ വളരെ നിര്‍ണ്ണായകമായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും സംതുലിതമാണ്. അതുകൊണ്ടുതന്നെ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. അഭിഷേക് ശര്‍മയുടെ മിന്നും ഫോമിലും തിലക് വര്‍മയുടെ കരുത്തുറ്റ ബാറ്റിങ് പ്രകടനത്തിലും ഇന്ത്യ വിശ്വാസം അര്‍പ്പിക്കുമെന്നുറപ്പാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം: അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ , ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ.

Tags:    

Similar News