കാണ്‍പുരില്‍ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യ; ട്വന്റി 20 ശൈലിയില്‍ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും രോഹിത്തും; ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 ന് പുറത്ത്; ബാറ്റിംഗ് തകര്‍ച്ചയിലും കരുത്തായി മൊമിനുള്‍ ഹഖിന്റെ സെഞ്ചുറി

കാണ്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്

Update: 2024-09-30 09:14 GMT

കാന്‍പുര്‍: കാണ്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ 233 റണ്‍സിന് പുറത്താക്കിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ബാറ്റിങ് വെടിക്കെട്ടോടെയാണ് തുടക്കമിട്ടത്. ആദ്യ പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ്. 51 പന്തില്‍ പന്ത്രണ്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 72 റണ്‍സ് നേടിയാണ് യശസ്വി ജയ്സ്വാള്‍ മടങ്ങിയത്. പതിനൊന്ന് പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും ഒരു ഫോറുമടക്കം 23 റണ്‍സ് നേടിയാണ് രോഹിത് ശര്‍മയുടെ മടക്കം.

ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ജയ്സ്വാളും രോഹിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ടീം മൂന്നോവറില്‍ തന്നെ അമ്പത് കടന്നു. ജയ്സ്വാളായിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്‌കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍. നേരത്തേ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്.

നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍(9), തൈജുള്‍ ഇസ്ലാം(5), ഹസന്‍ മഹ്മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന്‍ 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്‍, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മഴ മൂലം കഴിഞ്ഞ രണ്ട് ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞുകിടന്നതിനാല്‍ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവര്‍ മാത്രമാണ് കളിച്ചത്. അതിന് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും ബാറ്റിങ് തുടരുന്നത്.

ലഞ്ചിനുശേഷമുള്ള തന്റെ രണ്ടാം ഓവറില്‍ ബുമ്രക്കെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയ മെഹ്ദി ഹസനെ(20) തൊട്ടുപിന്നാലെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച ബുമ്രയാണ് ആദ്യ അടി നല്‍കിയത്. തന്റെ അടുത്ത ഓവറില്‍ തൈജുള്‍ ഇസ്ലാമിനെ(5) ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ഹസന്‍ മെഹ്മൂദിനെ(1) സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഖാലിദ് അഹമ്മദിനെ(0) ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി. 107 റണ്‍സുമായി ഇന്ത്യയിലെ തന്റെ ആദ്യ സെഞ്ചുറി നേടിയ മോനിമുള്‍ ഹഖ് പുറത്താകാതെ നിന്നു.

നേരത്തെ മഴ മാറി നിന്ന നാലാം ദിനം107-3 എന്ന സ്‌കോറില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശിന് അധികം വൈകാതെ നാലാം വിക്കറ്റ് നഷ്ടമായി. നാലാം ദിനത്തിലെ ആറാം ഓവറില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിച്ച് ചെയ്തശേഷം അകത്തേക്ക് തിരിഞ്ഞ ബുമ്രയുടെ ഇന്‍സ്വിംഗര്‍ ലീവ് ചെയ്ത മുഷ്ഫീഖുറിന് പിഴച്ചു. പന്ത് മുഷ്പീഖുറിന്റെ ബെയില്‍സിളക്കി. പിന്നീട് ക്രീസിലെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ച് കളിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. ബുമ്രക്കെതിരെ തുടക്കത്തിലെ മൂന്ന് ബൗണ്ടറി നേടിയ ലിറ്റണ്‍ ദാസ് പ്രതീക്ഷ നല്‍കി.

പിന്നാലെ മൊനിമുള്‍ അര്‍ധസെഞ്ചുറിയിലെത്തി. ജഡേജക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്‍ത്തടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്റെ പന്തില്‍ ലിറ്റണ്‍ ദാസിനെ രോഹിത് വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സിറാജിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ലിറ്റണ്‍ ദാസിനെ രോഹിത് മിഡ് ഓഫില്‍ ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അശ്വിനെ ബൗണ്ടി കടത്തിയതിന് പിന്നാലെ വീണ്ടും ക്രീസ് വിട്ടിറങ്ങി സിക്‌സ് പറത്താനുള്ള ഷാക്കിബിന്റെ ശ്രമം മുുഹമ്മദ് സിറാജ് പിന്നിലേക്ക് ഓടി പിടിച്ചു. പിടിച്ചു നിന്ന മൊനിമുള്‍ ഹഖും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സിറാജും ആകാശ് ദിപും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റുമെടുത്തു. 

Tags:    

Similar News