നാലാം വിക്കറ്റിൽ 219 റൺസിന്റെ കൂട്ടുകെട്ട്; മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചുറി കരുത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തി കിവീസ്; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

Update: 2026-01-18 12:24 GMT

ഇൻന്ദോർ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് മികച്ച സ്‌കോർ. ഇൻന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഡറിൽ മിച്ചലിന്റെയും (137), ഗ്ലെൻ ഫിലിപ്‌സിന്റെയും (106) തകർപ്പൻ സെഞ്ചുറികളാണ് സന്ദർശകർക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ടീമും ജയിച്ചതിനാൽ, ഈ മത്സരം പരമ്പര വിജയികളെ നിശ്ചയിക്കുന്നതിൽ നിർണായകമാണ്.

തുടക്കത്തിൽ വൻ തകർച്ച നേരിട്ട ന്യൂസീലൻഡിനെ മിച്ചൽ-ഫിലിപ്‌സ് സഖ്യം രക്ഷപ്പെടുത്തുകയായിരുന്നു. കളി ആരംഭിച്ചയുടൻ ഡെവൻ കോൺവെ (5), ഹെൻറി നിക്കോൾസ് (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട് 2/5 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. പിന്നീട് നാലാം വിക്കറ്റിൽ ഒന്നിച്ച മിച്ചലും ഫിലിപ്‌സും ചേർന്ന് 186 പന്തുകളിൽ നിന്ന് 219 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിന്റെ രണ്ടാമത്തെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്.

131 പന്തുകളിൽ മൂന്ന് സിക്സും 15 ബൗണ്ടറിയും ഉൾപ്പെടെ 137 റൺസാണ് മിച്ചൽ നേടിയത്. ഫിലിപ്‌സ് 88 പന്തുകളിൽ നിന്ന് മൂന്ന് സിക്സും ഒൻപത് ബൗണ്ടറിയും സഹിതം 106 റൺസ് അടിച്ചുകൂട്ടി. മുഹമ്മദ് സിറാജ് മിച്ചലിനെയും അർഷ്ദീപ് സിങ് ഫിലിപ്‌സിനെയും പുറത്താക്കി. മിച്ചൽ പുറത്തായപ്പോൾ വിരാട് കോലി അദ്ദേഹത്തിന് കൈയടിക്കുകയും ബഹുമാനപൂർവം യാത്രയാക്കുകയും ചെയ്തത് ശ്രദ്ധേയമായി.

ന്യൂസീലൻഡിനായി വിൽ യങ് 41 പന്തുകളിൽ 30 റൺസും, ക്യാപ്റ്റൻ മൈക്കിൾ ബ്രേസ്‌വെൽ പുറത്താകാതെ 28 റൺസും നേടി. മിച്ചൽ ഹയ് (2), സകരി ഫോൾക്‌സ് (10), ക്രിസ്റ്റ്യൻ ക്ലാർക്ക് (11) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് 63 റൺസ് വഴങ്ങിയപ്പോൾ, ഹർഷിത് 10 ഓവറിൽ 84 റൺസ് വിട്ടുകൊടുത്തു. മുഹമ്മദ് സിറാജ് 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.

Tags:    

Similar News