ഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം; പത്ത് ടീമുകള്‍; വമ്പന്‍ മാറ്റങ്ങള്‍; ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍; രാത്രി 7.30ന്; ഇനി രണ്ട് മാസം ഇനി ക്രിക്കറ്റ് ലഹരിയില്‍
കൊല്‍ക്കത്ത: ഐപിഎല്‍ 18-ാം പതിപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. വേനലവധിക്കാലത്ത് ഐപിഎല്‍ എന്ന് പറയുന്നത് ഒരു വികാരമാണ്. രണ്ട് മാസം ക്രിക്കറ്റിന്റെ ലഹരിയില്‍ മതിമറഞ്ഞ് ആഘോഷിക്കുകയാണ്. 2025 ലെ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത ബെംഗളൂരുവിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് മത്സരം. രാത്രി 7.30നാണ് മത്സരം
ലോക ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആദ്യ മത്സരത്തിന് രണ്ട് വെടിക്കെട്ട് ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന പകിട്ടോടെയാണ് കൊല്‍ക്കത്ത സ്വന്തം നാട്ടില്‍ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ 18ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. രണ്ട് ടീമിലും വലിയ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്.
2008ല്‍ ഇന്ത്യയില്‍ ആരംഭിച്ച ടൂര്‍ണമെന്റ് പല പ്രതിസന്ധികള്‍ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നവും ജനപ്രിയവുമായി ലീഗായിമാറിയത്. 2009 പൊതുതിരഞ്ഞെടുപ്പുകാലത്ത് ദക്ഷിണാഫ്രിക്കയിലേക്കും കോവിഡ് കാലത്ത് യുഎഇയിലേക്കും മത്സരങ്ങള്‍ മാറ്റിയെങ്കിലും ജനപ്രിയത കൂടിയതേയുള്ളൂ. ഇക്കുറി ടൂര്‍ണമെന്റിനുമുന്‍പ് മെഗാ താരലേലം നടന്നതിനാല്‍ ടീമുകളുടെ ശാക്തികബലാബലത്തില്‍ മാറ്റംവന്നിട്ടുണ്ട്. മത്സരം തുടങ്ങിക്കഴിഞ്ഞാല്‍മാത്രമേ ടീമുകളെ വിലയിരുത്താനാകൂ. ലേലത്തില്‍, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്.
പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുമത്സരംവീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാലു ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും. ഓരോ ടീമിനും ആകെ 14 കളികള്‍. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാലു ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25-ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.
രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. എ ഗ്രൂപ്പുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്. ഗ്രൂപ്പ് ബിയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.
ഈ സീസണില്‍ ചില ടീമുകളില്‍ എങ്കിലും ക്യാപ്റ്റന്‍മാരെ മാറ്റിയിട്ടുണ്ട്. പത്ത് ടീമിലെയും ക്യാപ്റ്റന്‍മാര്‍ ഇതാ. ഋതുരാജ് ഗെയ്ക്വാദ്(ചെന്നൈ), അജിന്‍ക്യ രഹാനെ(കൊല്‍ക്കത്ത), സഞ്ജു(രാജസ്ഥാന്‍), രജിത് പടിദാര്‍(ബെംഗളൂരു), ശ്രേയസ്(പഞ്ചാബ്), ഹാര്‍ദിക്(മുംബൈ), പാറ്റ് കമ്മിന്‍സ്(ഹൈദരാബാദ്), ശുഭ്മാന്‍ ഗില്‍(ഗുജറാത്ത്), അക്‌സര്‍ പട്ടേല്‍(ഡല്‍ഹി), ഋഷഭ് പന്ത്(ലഖ്‌നൗ).