'തല' വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; കൊല്‍ക്കത്തയോട് പിടിച്ചുനില്‍ക്കാനാകാതെ ചെന്നൈയുടെ ബാറ്റിങ്ങ് നിര; കൊല്‍ക്കത്തയില്‍ 3 വിക്കറ്റുമായി തിളങ്ങി നരൈന്‍; നൈറ്റ് റൈഡേഴ്‌സിന് 104 റണ്‍സ് വിജയലക്ഷ്യം
'തല' വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 29 പന്തില്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പാളി. 16 റണ്‍സിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. രചിന്‍ രവീന്ദ്രയെ(4) ഹര്‍ഷിത് റാണയും ഡെവോണ്‍ കോണ്‍വെയെ(12) മോയീന്‍ അലിയും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ ത്രിപതിയും വിജയ് ശങ്കറും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
ഇരുവരും ചേര്‍ന്ന് പതിയെ സ്‌കോറുയര്‍ത്തി. സ്‌കോര്‍ 59 ല്‍ നില്‍ക്കേ വിജയ് ശങ്കര്‍ പുറത്തായത് ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തില്‍ നിന്ന് 29 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വിജയ് ശങ്കര്‍ പുറത്തായതിന് പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ചെപ്പോക്കില്‍ കണ്ടത്. രാഹുല്‍ ത്രിപതി(16), രവിചന്ദ്രന്‍ അശ്വിന്‍(1), രവീന്ദ്ര ജഡേജ(0) ദീപക് ഹൂഡ(0) എന്നിവര്‍ വേഗം മടങ്ങി.അതോടെ ടീം 72-7 എന്ന നിലയിലായി.
അതിന് ശേഷമാണ് നായകന്‍ ധോനി ബാറ്റിങ്ങിനിറങ്ങിയത്.എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ധോനി ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി.പിന്നാലെ നൂര്‍ അഹമ്മദും(1) കൂടാരം കയറിയതോടെ ടീം 79-9 എന്ന നിലയിലേക്ക് വീണു.ശിവം ദുബെയുടെ ഇന്നിങ്‌സാണ് ചെന്നൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്.ദുബെ 29 പന്തില്‍ നിന്ന് 31 റണ്‍സുമായി പുറത്താവാതെ നിന്നു.നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിന് ചെന്നൈ ഇന്നിങ്‌സ് അവസാനിച്ചു.
നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കെകെആറിനായി തിളങ്ങിയത്.വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വീതം വിക്കറ്റെടുത്തു.മൊയീന്‍അലി ഒരു വിക്കറ്റെടുത്തു.മഹേന്ദ്രസിങ് ധോനി നായകനായി തിരിച്ചെത്തിയതോടെ വിജയവഴിയിലേക്ക് മടങ്ങിവരാമെന്നായിരുന്നു ചെന്നൈയുടെ പ്രതീക്ഷ.എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ കുറഞ്ഞ സ്‌കോര്‍ വിജയപ്രതീക്ഷയും അസ്ഥാനത്താക്കിയിരിക്കുകയാണ്.നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായത്.