അര്‍ധസെഞ്ച്വറിയുമായി തിളങ്ങി ജെയ്സ്വാള്‍; സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത് 206 റണ്‍സ് വിജയലക്ഷ്യം; ക്യാപ്റ്റനായി രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ സഞ്ജു; ഫോം തുടരാന്‍ പഞ്ചാബും
അര്‍ധസെഞ്ച്വറിയുമായി തിളങ്ങി ജെയ്സ്വാള്‍; സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന്‍ റോയല്‍സ്
മുല്ലന്‍പുര്‍ (പഞ്ചാബ്):ബാറ്റസ്മാന്‍മാരെല്ലാം മികച്ച രിതിയില്‍ ബാറ്റ് ചെയ്തതോടെ സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന്‍
റോയല്‍.ഇന്നത്തെ മത്സരത്തില്‍ 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനെതിരെ രാജസ്ഥാന്‍ ഉയര്‍ത്തിയത്.ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സെടുത്തത്.45 പന്തില്‍ 67 റണ്‍സെടുത്ത ജെയ്സ്വാളാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.5 സിക്സും 3 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജെയ്സ്വാളിന്റെ ഇന്നിങ്ങസ്.
റിയാന്‍ പരാഗ് (25 പന്തില്‍ 43), സഞ്ജു സാംസണ്‍ (26 പന്തില്‍ 38) എന്നിവരാണ് രാജസ്ഥാന്റെ മറ്റു റണ്‍വേട്ടക്കാര്‍.ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്്റ്റന്‍ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാനു വേണ്ടി പടുത്തുയര്‍ത്തിയത്. ആദ്യ ആറോവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 53 റണ്‍സ്. വമ്പനടികള്‍ക്കു മാത്രം ശ്രമിക്കാതെ നീണ്ട ഇന്നിങ്സ് കെട്ടിപ്പടുക്കാനായിരുന്നു രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.11ാം ഓവറില്‍ പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസനെ മിഡ് ഓഫിലേക്കു പറത്തിയ സഞ്ജുവിനെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിടിച്ചെടുത്തു.
സ്‌കോര്‍ 123 ല്‍ നില്‍ക്കെ യശസ്വി ജയ്സ്വാളിനെ രാജസ്ഥാനു നഷ്ടമായി. ഫെര്‍ഗൂസന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച നിതീഷ് റാണ 12 റണ്‍സ് മാത്രമെടുത്തു പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. പക്ഷേ വമ്പനടികള്‍ ഉന്നമിട്ട റിയാന്‍ പരാഗ് രക്ഷയായി. അര്‍ഷ്ദീപ് സിങ്ങിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ മാക്സ്വെല്ലിന്റെ ക്യാച്ചില്‍ ഷിമ്രോണ്‍ ഹെറ്റ്മിയര്‍ പുറത്തായി. 12 പന്തില്‍ 20 റണ്‍സാണ് ഹെറ്റ്മിയര്‍ അടിച്ചത്. മൂന്നു വീതം സിക്സുകളും ഫോറുകളും പറത്തിയ പരാഗാണ് രാജസ്ഥാനെ 200 കടത്തിയത്. അഞ്ചു പന്തുകള്‍ നേരിട്ട ധ്രുവ് ജുറേല്‍ 13 റണ്‍സെടുത്തു പുറത്താകാതെനിന്നു.
സീസണില്‍ 3 കളികളില്‍ നിന്ന് 1 വിജയം മാത്രമാണ് രാജസ്ഥാനുള്ളത്.പഞ്ചാബാകട്ടെ കളിച്ച രണ്ട് മത്സരവും ജയിച്ച് ഫോമിലാണ്.