സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണു; ഡല്‍ഹിക്ക് ആവേശോജ്ജ്വല വിജയം; തുടര്‍ തോല്‍വികളില്‍ വലഞ്ഞ രാജസ്ഥാന് തിരിച്ചടിയായി പരിക്കേറ്റ് സഞ്ജു സാംസന്റെ പുറത്താകലും

സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണു

Update: 2025-04-16 18:25 GMT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ത്രില്ലര്‍ വിജയം. സൂപ്പര്‍ ഓവറിലാണ് രാജസ്ഥാനെ റോയല്‍സിനെ ഡല്‍ഹി കാപ്പിറ്റല്‍സ് തോല്‍പ്പിച്ചത്. മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കടന്നത്. 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. 28 പന്തില്‍ 51 റണ്‍സ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും 51 റണ്‍സ് നേടിയിരുന്നു.

ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സഞ്ജുവും ജയ്‌സ്വാളും ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. മികച്ച ഫോമില്‍ ബാറ്റ് ചെയ്തിരുന്ന സഞ്ജു 19 പന്തില്‍ 31 റണ്‍സില്‍ നില്‍ക്കെ പരിക്കിനെ തുടര്‍ന്ന് കളം വിട്ടു. വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം.

ഓവറിലെ മൂന്നാം പന്തില്‍ സഞ്ജുവിന്റെ ഷോട്ടിനായുള്ള ശ്രമം പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍. പിന്നാലെയാണ് താരത്തിന് ഇടതു വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടത്. ടീം ഫിസിയോ ഉടന്‍ തന്നെ എത്തി സഞ്ജുവിനെ പരിശോധിച്ചു. വേദന സംഹാരി കഴിച്ച് ബാറ്റിങ് തുടരാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ തൊട്ടടുത്ത പന്ത് നേരിട്ട ശേഷവും കടുത്ത വേദന അനുഭവപ്പെട്ട സഞ്ജു ക്രീസ് വിടാന്‍ തീരുമാനിക്കുകയായിരുന്ന

ഇതോടെ ക്രീസിലെത്തിയ റിയാന്‍ പരാഗ് (8) നിരാശപ്പെടുത്തി. 37 പന്തില്‍ 51 റണ്‍സ് നേടിയ ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന 4 ഇന്നിംഗ്‌സില്‍ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയും നേടിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിതീഷ് റാണ രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കി. ഡല്‍ഹിയുടെ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച റാണയാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. അവസാന നിമിഷം വരെ പോരാടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 15 റണ്‍സുമായും ധ്രുവ് ജുറെല്‍ 26 റണ്‍സുമായും പുറത്താകാതെ നിന്നു.

സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സ് മാത്രമാണ് വിജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും ഒരു ബൗണ്ടറി പോലും നേടാന്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതാണ് വിജയിക്കാമായിരുന്ന മത്സരത്തെ കൈവിട്ടത്. അവസാന പന്തില്‍ 2 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഡബിള്‍ ഓടാന്‍ ശ്രമിച്ച ജുറെല്‍ റണ്ണൗട്ട് ആയതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

Tags:    

Similar News