'ഇവിടെ ഇടം കൈയും പോകും വലം കൈയും പോകും'; പന്തെറിയാന്‍ രണ്ട് കൈകളും ഉപയോഗിച്ച് ഞെട്ടിച്ച് സണ്‍റൈസേഴ്‌സ് താരം കമിന്ദു മെന്‍ഡിസ്; ഒരോവറില്‍ 4-1; പിന്നീട് പന്ത് നല്‍കാതെ ക്യാപ്റ്റന്‍
ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്‌ആർഎച്ച്) തമ്മിലുള്ള പോരിൽ ഇരുകൈകളും ഉപയോഗിച്ച് പന്തെറിഞ്ഞ ഹൈദരാബാദ് താരം കമിന്ദു മെൻഡിസ് കാണികളെ അമ്പരപ്പിച്ചു. ടോസ് നേടി ആദ്യം ബൗൾ ചെയ്ത കെകെആറിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡി കോക്കും സുനിൽ നരൈനും നിരാശപ്പെടുത്തി ഡഗൗട്ടിലേക്ക് മടങ്ങി. എന്നിരുന്നാലും, ക്യാപ്റ്റൻ അജ്‌നിക്യ രഹാനെയും അങ്ക്രിഷ് രഘുവംശിയും മധ്യനിരയിൽ സമയം ചെലവഴിച്ച് ഉത്തരവാദിത്തമുള്ള ഇന്നിംഗ്‌സ് കളിച്ചു. മത്സരത്തിന്റെ 11-ാം ഓവറിൽ 27 പന്തിൽ 38 റൺസ് നേടിയ രഹാനെ പുറത്തായി.
കെകെആര്‍ ഇന്നിങ്‌സിലെ 13-ാം ഓവറിലാണ് സംഭവം. അംഗ്ക്രിഷ് രഘുവംശിയാണ് ആ സമയത്ത് ക്രീസിലുണ്ടായിരുന്നത്. രഘുവംശിക്കെതിരേ ഇടംകൈ ഉപയോഗിച്ചാണ് സ്പിന്‍ ബൗളര്‍ പന്തെറിഞ്ഞത്. ആദ്യ പന്തില്‍ സിംഗിളെടുത്ത താരം അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ അടുത്ത പന്തില്‍ മെന്‍ഡിസ് വെങ്കിടേഷ് അയ്യര്‍ക്കെതിരേ വലം കൈകൊണ്ടാണ് പന്തെറിഞ്ഞത്. ഇത് കളി കാണുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തി. നാലാം പന്തില്‍ രഘുവംശിയുടെ വിക്കറ്റ് പിഴുതാണ് താരം മടങ്ങിയത്.
13-ാം ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത കമിന്ദു ഒരു വിക്കറ്റ് നേടി. എന്നാല്‍ പിന്നീട് താരം പന്തെറിഞ്ഞില്ല. മത്സരത്തില്‍ രണ്ടാമതൊരു ഓവര്‍ കൂടി താരത്തിന് നല്‍കാമായിരുന്നു എന്നാണ് ആരാധകപക്ഷം. പിന്നീട് പന്തെറിയാന്‍ അവസരം നല്‍കാത്ത ഹൈദരാബാദ് നായകന്‍ കമ്മിന്‍സിന്റെ തീരുമാനം തെറ്റായിപ്പോയെന്നും ചിലര്‍ വാദിക്കുന്നു.
മെന്‍ഡിസിന്റെ ഓവര്‍ കഴിയുമ്പോള്‍ 13-ഓവറില്‍ 108-4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. പിന്നീടുള്ള ഏഴോവറില്‍ 92 റണ്‍സ് അടിച്ചെടുത്ത കൊല്‍ക്കത്ത സ്‌കോര്‍ 200-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 120 റണ്‍സിന് ഓള്‍ഔട്ടായി.