രാമനവമി ആഘോഷം; ഐപിഎല്‍ മത്സരത്തിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ല; കെകെആര്‍- ലഖ്‌നൗ മത്സരം കൊല്‍ക്കത്തിയില്‍ നിന്ന് മാറ്റി; മത്സരം ഗുവാഹത്തിയില്‍ നടക്കും
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തിന്റെ വേദി മാറ്റി. കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം ഗുവാഹത്തിയില്‍ വെച്ചായിരിക്കും നടക്കുക. രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനാലാണ് വേദി മാറ്റുന്നതെന്ന് സിഎബി പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി പിടിഐയോട് പറഞ്ഞു.
ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ) വേദി മാറ്റത്തിന് അനുമതി നല്‍കിയത്. ആര്‍പിഎസ്ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കെകെആറും എല്‍എസ്ജിയും തമ്മിലുള്ള പോരാട്ടം നടക്കുക നിറഞ്ഞ സദസ്സിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇരു ടീമുകള്‍ക്കും ശക്തമായ പ്രാദേശിക പിന്തുണയുണ്ട് എന്നതാണ് ഇതിന് കാരണം. അതേസമയം വേദി മാറ്റം കാണികളുടെ എണ്ണത്തെ ബാധിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം ഗുവാഹത്തിയിലേക്ക് മാറ്റിയതോടെ മാര്‍ച്ച് 26, 30 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഹോം മത്സരങ്ങള്‍ കൂടാതെ ഗുവാഹത്തി ഇപ്പോള്‍ ഒരു അധിക ഗെയിമിന് കൂടെ ആതിഥേയത്വം വഹിക്കും.